ആലപ്പുഴ : ബൂത്ത് തലത്തില്‍ നിന്ന് സമാഹരിച്ച വോട്ട് കണക്കുകളുടെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പിന് ശേഷം ഒരാഴ്‌ച കഴിഞ്ഞ് ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് മുമ്പാകെ ഒരു അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ പാര്‍ട്ടി നേടാന്‍ പോകുന്ന ചരിത്ര വിജയത്തെക്കുറിച്ച് കൃത്യമായ സൂചനകളുണ്ടായിരുന്നു. തൃശൂരിലും തിരുവനന്തപുരത്തും ജയിക്കുമെന്ന് മാത്രമല്ല, പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നേടാന്‍ പോകുന്ന വോട്ടുകളെപ്പറ്റിയും വ്യക്തമായ ചിത്രമുണ്ടായിരുന്നു.
സംസ്ഥാനത്താകെ എന്‍ഡിഎ ഇരുപത് ശതമാനം വോട്ട് നേടുമെന്നായിരുന്നു ആ റിപ്പോര്‍ട്ട് പറഞ്ഞത്. ഒരു മാസം കഴിഞ്ഞ് വോട്ടെണ്ണി ഫലം വന്നപ്പോള്‍ ആ റിപ്പോര്‍ട്ട് സത്യമായി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകള്‍ പ്രകാരം 2024 പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎക്ക് കിട്ടിയത് 19.21 ശതമാനം വോട്ടുകള്‍. ബിജെപി വോട്ട് വിഹിതം കേരളത്തില്‍ 16.68 ശതമാനവും.
തൃശൂരിലും തിരുവനന്തപുരത്തും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. തൃശൂരില്‍ സുരേഷ് ഗോപി നാല് ലക്ഷത്തിലധികം വോട്ട് പിടിച്ച്, വിജയിക്കുമെന്ന കണക്ക് കൃത്യമായിരുന്നു. വോട്ടെണ്ണി ഫലം വന്നപ്പോള്‍ സുരേഷ് ഗോപി നേടിയത് നാല് ലക്ഷത്തി പന്ത്രണ്ടായിരത്തി മുന്നൂറ്റി മുപ്പത്തെട്ട് വോട്ട്. ബൂത്ത് തല കണക്കുകളനുസരിച്ച് മണലൂര്‍ ഇരിങ്ങാലക്കുട തൃശൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്ത് വരുമെന്നായിരുന്നു പ്രതീക്ഷ. ഫലം വന്നപ്പോള്‍ പതിനായിരത്തിലേറെ ഭൂരിപക്ഷത്തില്‍ ഒല്ലൂരും നാട്ടികയും പുതുക്കാടും കൂടി ബിജെപി ഒന്നാമതെത്തി.
ഗുരുവായൂരില്‍ മാത്രമാണ് സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോയത്. പക്ഷേ ഭൂരിപക്ഷം പ്രവചിച്ചത് തെറ്റി. സുരേഷ് ഗോപിക്ക് 25,000 വോട്ട് ഭൂരിപക്ഷമായിരുന്നു പാര്‍ട്ടി കണക്കുകൂട്ടിയത്. കിട്ടിയത് 74,686 വോട്ട് ഭൂരിപക്ഷം. തൊട്ടടുത്ത എതിരാളി യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് കണക്കുകൂട്ടിയതിലും തെറ്റി. രണ്ടാം സ്ഥാനത്തുവന്നത് സിപിഐ സ്ഥാനാര്‍ഥിയായിരുന്നു.
തിരുവനന്തപുരത്ത് ബൂത്തുതലത്തില്‍ നിന്ന് വന്ന കണക്ക് ചെറുതായൊന്ന് പിഴച്ചു. ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ 3,60,000 വോട്ട് പിടിക്കുമെന്നായിരുന്നു കണക്ക്. പക്ഷേ ഫലം വന്നപ്പോള്‍ കിട്ടിയത് മൂന്ന് ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരത്തി എഴുപത്തെട്ട്. കൃത്യം പതിനാറായിരത്തി എഴുപത്തേഴ് വോട്ടിന് തോറ്റു.
നേമത്തും കഴക്കൂട്ടത്തും പാര്‍ട്ടി കണക്കുകൂട്ടിയതിലും ഭൂരിപക്ഷം രാജീവ് ചന്ദ്രശേഖറിന് കിട്ടിയപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ പ്രതീക്ഷിച്ചതിലും ഏഴായിരം വോട്ട് കുറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍ ലീഡ് പിടിക്കുമെന്ന കണക്കുകൂട്ടിയിടത്ത് അയ്യായിരം വോട്ട് പുറകില്‍പ്പോയി. പാറശാലയില്‍ രണ്ടാം സ്ഥാനം പ്രതീക്ഷിച്ചിടത്ത് മൂന്നാമതായി. കോവളത്തും നെയ്യാറ്റിന്‍കരയിലും മൂന്നാം സ്ഥാനം പ്രതീക്ഷിച്ചിടത്ത് രണ്ടാം സ്ഥാനത്തേക്ക് കയറി വന്നു.
ആറ്റിങ്ങലില്‍ മൂന്ന് ലക്ഷം വോട്ട് വി മുരളീധരന്‍ പിടിക്കുമെന്ന കണക്ക് കൃത്യമായി. മൂന്ന് ലക്ഷത്തി പതിനൊന്നായിരത്തി എഴുന്നൂറ്റി എഴുപത്തൊമ്പത് വോട്ട് പിടിച്ചു. പക്ഷേ ആറ്റിങ്ങലിന് പുറമെ വര്‍ക്കലയിലും ചിറയിന്‍ കീഴിലും ഒന്നാമതെത്തുമെന്നുള്ള കണക്ക് പാളി. വര്‍ക്കലയില്‍ അയ്യായിരത്തോളം വോട്ടിന് പുറകില്‍പ്പോയി, ചിറയിന്‍കീഴില്‍ മൂന്നാം സ്ഥാനത്തുമായി.
പത്തനം തിട്ടയിലും കോട്ടയത്തുമാണ് പാര്‍ട്ടി കണക്കുകൂട്ടിയ തരത്തില്‍ വോട്ട് കിട്ടാതെ പോയത്. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിക്ക് രണ്ടര ലക്ഷം വോട്ട് പ്രതീക്ഷിച്ചപ്പോള്‍ കിട്ടിയത് ഒരു ലക്ഷത്തി അറുപത്തയ്യായിരം മാത്രമാണ്. പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിക്ക് മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് പ്രതീക്ഷിച്ചെങ്കിലും കിട്ടിയത് രണ്ടുലക്ഷത്തി മുപ്പത്തിനാലായിരത്തി നാനൂറ്റിയാറ് വോട്ട് മാത്രമാണ്.
സാധാരണ ഇത്തരം കണക്കുകള്‍ കൃത്യമായി അവതരിപ്പിക്കാറുള്ളത് ഇടതുമുന്നണിയും സിപിഎമ്മുമായിരുന്നു. ഒട്ടൊക്കെ ആ കണക്കുകള്‍ ഫലിക്കാറുമുണ്ട്. ഇത്തവണ കണക്കുകള്‍ കൃത്യമായത് ബിജെപിയുടേതാണ്. വിവര ശേഖരണത്തില്‍ മാത്രമല്ല വോട്ടുകള്‍ സമാഹരിക്കുന്നതിലും ബിജെപി ഏറെ മുന്നോട്ടുപോയിരിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2014ല്‍ 10.82 ശതമാനം വോട്ട് നേടിയ എന്‍ഡിഎ 2019ല്‍ അത് 15.6 ശതമാനമായും 2024ല്‍ വോട്ട് വിഹിതം 19.21 ശതമാനമായും ഉയര്‍ത്തി. തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ അത് മുപ്പത് ശതമാനത്തിന് മീതെയാണ്. തൃശൂരില്‍ 37.8 ശതമാനവും തിരുവനന്തപുരത്ത് 35.5 ശതമാനവും ആറ്റിങ്ങലില്‍ 31.6 ശതമാനവും ആലപ്പുഴയില്‍ 28.3 ശതമാനവും വോട്ട് നേടി ബിജെപി വന്‍ കുതിപ്പ് നടത്തിയപ്പോള്‍ തളര്‍ച്ച കണ്ടത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിക്ക് കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ നേടിയ 28.95 ശതമാനം നിലനിര്‍ത്താനായില്ല. ഇത്തവണ ബിജെപി വോട്ട് വിഹിതം ഇവിടെ 25.5 ശതമാനമായി കുറഞ്ഞു.
പത്തുവര്‍ഷം മുമ്പുവരെ തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളായിരുന്നു ബിജെപിക്ക് കേരളത്തില്‍ പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍. ഈ പട്ടികയിലേക്ക് കുതിച്ചെത്തിയ മണ്ഡലങ്ങളാണ് ആറ്റിങ്ങലും തൃശൂരും.
തിരുവനന്തപുരവും കാസര്‍കോടും 2014ലെ വോട്ട് നിലയില്‍ നിന്ന് ഏറെയൊന്നും മാറിയിട്ടില്ല. കാസര്‍കോട് 2014ല്‍ ബിജെപിക്ക് ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരത്തിനടുത്ത് വോട്ടാണ് ഉണ്ടായിരുന്നത്. അത് 2019ല്‍ 1.76 ലക്ഷമായി. ഇത്തവണ 2.19 ലക്ഷമായി. 17.7 ശതമാനത്തില്‍ നിന്ന് 19.73 ശതമാനം.
തിരുവനന്തപുരത്ത് ബിജെപിക്ക് 2014 ല്‍ ഉണ്ടായിരുന്നത് 282336 വോട്ടായിരുന്നു. വോട്ട് വിഹിതം 32.32 ശതമാനം. അത് ഇത്തവണ 342078 വോട്ടായി. വോട്ട് വിഹിതം 35.52 ശതമാനവുമായി. പാലക്കാട്ട് 2014 ല്‍ ബിജെപിക്ക് 136587 വോട്ടായിരുന്നു ഉണ്ടായിരുന്നത്. വോട്ട് വിഹിതം 15 ശതമാനം. ഇത് 2019 ല്‍ 2.18 ലക്ഷമായി കുതിച്ചുയര്‍ന്നു. വോട്ട് വിഹിതം 21.4 ശതമാനമായി. ഇത്തവണ വോട്ട് 2.52 ലക്ഷമായി ഉയര്‍ന്നു. വോട്ട് വിഹിതം കാര്യമായി ഉയര്‍ത്താനായതുമില്ല.
പത്തനം തിട്ടയില്‍ 2014 ല്‍ ബിജെപിക്കുണ്ടായിരുന്നത് 1.39 ലക്ഷം വോട്ടായിരുന്നു. (15.95 ശതമാനം). അത് 2019 ല്‍ 2.97 ലക്ഷമായി. (28.97 ശതമാനം). ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ പത്തനം തിട്ടയില്‍ വോട്ട് 2.34 ലക്ഷമായും വോട്ട് വിഹിതം 25.49 ശതമാനമായും കുറഞ്ഞു. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് വിഹിതത്തിലും വോട്ടുകളിലും കുറവുവന്ന ഏക മണ്ഡലമായി പത്തനംതിട്ട.
ആറ്റിങ്ങലില്‍ 2014 ല്‍ 10.53 ശതമാനത്തില്‍ നിന്നാണ് ബിജെപി കുതിപ്പ് തുടങ്ങുന്നത് (ആകെ വോട്ട് 90528). 2019 ല്‍ ശോഭ സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ വോട്ട് ഒറ്റയടിക്ക് 2.48 ലക്ഷമായി. വോട്ട് വിഹിതം 24.97 ശതമാനമായി. ഇത്തവണ വി മുരളീധരന്‍ മത്സരിച്ചപ്പോള്‍ വോട്ട് 3.12 ലക്ഷമായി. വോട്ട് വിഹിതം 31.67 ശതമാനമായി.
തൃശൂര്‍ 2014 വരെ ബിജെപിക്ക് സാധാരണ മണ്ഡലങ്ങളിലൊന്ന് മാത്രമായിരുന്നു. 11.15 ശതമാനം വോട്ട് വിഹിതം നേടി കെ പി ശ്രീശന്‍ 2014 ല്‍ തൃശൂരില്‍ പിടിച്ചത് 1.02 ലക്ഷം വോട്ടായിരുന്നു. 2019 ല്‍ സുരേഷ് ഗോപി ഇറങ്ങിയതോടെ തൃശൂരില്‍ ബിജെപി കുതിപ്പ് തുടങ്ങി. 2.94 ലക്ഷത്തിനടുത്ത് വോട്ട് പിടിച്ച സുരേഷ് ഗോപി വോട്ട് വിഹിതം 28.19 ശതമാനമാക്കി ഉയര്‍ത്തി. മണ്ഡലത്തില്‍ത്തന്നെ തുടര്‍ന്ന് ഇത്തവണ 4.12 ലക്ഷത്തിലേറെ വോട്ട് നേടി 37.8 ശതമാനം വോട്ട് വിഹിതവും സ്വന്തമാക്കി സുരേഷ് ഗോപി വിജയം വരിച്ചു.
ഇത്തവണ ബിജെപി വോട്ടുകളിലും വോട്ട് വിഹിതത്തിലും അസാധാരണ വളര്‍ച്ചകണ്ട മറ്റൊരു മണ്ഡലം ആലത്തൂരാണ്. 2014 ല്‍ ബിജെപി 9.45 ശതമാനം വോട്ട് വിഹിതത്തോടെ 87803 വോട്ട് നേടിയ ആലത്തൂര്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥി നേടിയത് 1.88 ലക്ഷത്തില്‍പ്പരം വോട്ടുകളാണ്. വോട്ട് വിഹിതം 2019ലെ 8.82 ശതമാനത്തില്‍ നിന്ന് 18.97 ശതമാനമായി.
സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ആലപ്പുഴയില്‍ 2014 ല്‍ എന്‍ഡിഎ ഏറെ ദുര്‍ബലമായിരുന്നു. വെറും 4.3 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന മുന്നണി 2019 ല്‍ കുതിപ്പ് നടത്തി. ഡോ. കെ എസ് രാധാകൃഷ്‌ണൻ സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ വോട്ട് വിഹിതം 17.24 ശതമാനമായി. വോട്ട് 1.87 ലക്ഷം കവിഞ്ഞു. 2024 ലെത്തുമ്പോള്‍ ശോഭ സുരേന്ദ്രനിലൂടെ ആലപ്പുഴയില്‍ ബിജെപി വോട്ട് 2.99 ലക്ഷം കവിഞ്ഞു. വോട്ട് വിഹിതം 28.3 ശതമാനത്തിലേക്കെത്തി.
നിയമസഭ മണ്ഡല അടിസ്ഥാനത്തിലുള്ള കണക്കെടുത്താല്‍ ബിജെപി 11 സീറ്റുകളില്‍ ഒന്നാം സ്ഥാനത്തുണ്ട്. 10 സീറ്റുകളില്‍ അയ്യായിരം വോട്ടിന്‍റെ മാത്രം വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തുമുണ്ട്. അതായത് കേരളത്തില്‍ 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 30 സീറ്റുകളിലെങ്കിലും ബിജെപി വന്‍ ശക്തിയാകുമെന്നര്‍ഥം. 140 അംഗ നിയമസഭയില്‍ ബിജെപി മുന്നേറ്റം തടയാന്‍ ഇത്രയും മണ്ഡലങ്ങളില്‍ വിട്ടു വീഴ്‌ച ചെയ്യാന്‍ ഇരുമുന്നണികള്‍ക്കും സാധിക്കുകയുമില്ല.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 99 സീറ്റും യുഡിഎഫിന് 41 സീറ്റുമായിരുന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടുനില വച്ച് അന്ന് 123 മണ്ഡലങ്ങളില്‍ യുഡിഎഫിനായിരുന്നു ലീഡ്. 16 സീറ്റില്‍ എല്‍ഡിഎഫ് ലീഡ് നേടിയപ്പോള്‍ നേമത്ത് മാത്രം ബിജെപി മുന്നിലെത്തി. ഇത്തവണ 111 സീറ്റില്‍ യുഡിഎഫാണ് മുന്നില്‍. 18 ഇടത്ത് എല്‍ഡിഎഫും 11 ഇടത്ത് എന്‍ഡിഎയും ഒന്നാമതെത്തി.
ബിജെപി ലീഡ് നേടിയ 11 മണ്ഡലങ്ങളും ഇടതു മുന്നണിയുടെ സിറ്റിങ് സീറ്റുകളാണ്. പരമ്പരാഗത ഇടത് കോട്ടകളായ മലബാറിലെ പയ്യന്നൂരിലും കല്യാശേരിയിലും തളിപ്പറമ്പിലും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തും ബിജെപി വോട്ടുകള്‍ ഇരട്ടിച്ചു. ബിജെപിക്ക് വര്‍ധിച്ച വോട്ടുകള്‍ സിപിഎമ്മില്‍ നിന്ന് ചോര്‍ന്നതായും കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നു.
ബിജെപി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളും ഭൂരിപക്ഷവും
- കഴക്കൂട്ടം 10842
- വട്ടിയൂര്‍ക്കാവ് 8162
- നേമം 22126
- ആറ്റിങ്ങല്‍ 6287
- കാട്ടാക്കട 4779
- മണലൂര്‍ 8013
- ഒല്ലൂര്‍ 10363
- തൃശൂര്‍ 14117
- നാട്ടിക 13945
- പുതുക്കാട് 12692
- ഇരിങ്ങാലക്കുട 13016
ബിജെപി രണ്ടാം സ്ഥാനത്തുവന്ന മണ്ഡലങ്ങളും വോട്ട് വ്യത്യാസവും
- തിരുവനന്തപുരം 5541
- കോവളം 16666
- നെയ്യാറ്റിന്‍കര 22613
- വര്‍ക്കല 5114
- ഹരിപ്പാട് 1347
- കായംകുളം 1441
- പാലക്കാട് 9707
- മഞ്ചേശ്വരം16749
- കാസര്‍കോട് 26375
പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പുകളും ഒരു പക്ഷേ വയനാട് മണ്ഡലത്തില്‍ വരാനിടയുള്ള ഉപതെരഞ്ഞെടുപ്പും 2025ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പും 2026ലെ നിയമസഭ തെരഞ്ഞെടുപ്പുമാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. മണ്ഡലം കമ്മിറ്റികളെ രണ്ടാക്കി തിരിച്ചത് വിജയമായി. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടത് - വലത് മുന്നണികള്‍ ഒരുമിക്കുന്നത് തടയാന്‍ പറ്റുന്ന തരത്തില്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെങ്കിലും ബിജെപി മുന്‍നിര രാഷ്ട്രീയ ശക്തിയായി മാറി.
ചേലക്കരയില്‍ പ്രൊഫസര്‍ സരസുവും പാലക്കാട്ട് ശോഭ സുരേന്ദ്രനും സ്ഥാനാര്‍ഥിയായി എത്താനിടയുണ്ട്. അങ്ങനെയെങ്കില്‍ രണ്ടിടത്തും പോരാട്ടം തീപാറും. വയനാട് ഉപതെരഞ്ഞെടുപ്പിലും കേരളത്തില്‍ നിന്നുള്ള സ്ഥാനാർഥികളെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നതെങ്കില്‍ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. മധ്യ കേരളത്തില്‍ നിന്ന് കേരള കോണ്‍ഗ്രസുകളിൽ ഒന്നിനെക്കൂടി എന്‍ഡിഎയിലെത്തിക്കാനുള്ള നീക്കങ്ങളും സജീവമാണ്.
ALSO READ: വയനാടിന് നന്ദി പറയാൻ രാഹുൽ ഗാന്ധി എത്തും ; പകരമാര്, പ്രിയങ്കയോ കെ മുരളീധരനോ, സസ്‌പെൻസ്