തൃശൂർ : തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃശൂരിലെത്തിയ സുരേഷ് ഗോപിക്ക് ആവേശോജ്വല വരവേൽപ്പ് നല്‍കി. നെടുമ്പാശ്ശേരിയിൽ നിന്നും നേരെ തൃശൂർ കലക്‌ടറേറ്റിൽ എത്തിയ സുരേഷ് ഗോപിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. നേരത്തെ നിശ്ചയിച്ചതിലും വൈകിയാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്.
നെടുമ്പാശ്ശേരിയിൽ നിന്നും പുഴക്കലിലെ ഹയാത്ത് ഹോട്ടലിൽ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് സമയക്കുറവ് മൂലം നേരെ കലക്‌ടറേറ്റിലേക്ക് വരികയായിരുന്നു. കലക്‌ടറേറ്റിൽ എത്തിയ സുരേഷ് ഗോപിയെ നേതാക്കളും പ്രവർത്തകരും പൊന്നാടയണിച്ച് സ്വീകരിച്ചു. കലക്‌ടറേറ്റിൽ എത്തി വിജയ പത്രിക വാങ്ങിയാണ് വിജയാഹ്ലാദത്തിന്‍റെ ഭാഗമായി നടന്ന റോഡ് ഷോ ആരംഭിച്ചത്.
കലക്‌ടറേറ്റിന് മുൻപിൽ നിന്നും ആരംഭിച്ച നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. എംജി റോഡ് വഴി സ്വരാജ് റൗണ്ടിലേക്ക് റോഡ് ഷോ എത്തിയപ്പോഴേക്കും സ്വരാജ് റൗണ്ടും പരിസരവും ജനസാഗരമായി മാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് റോഡിന് ഇരുവശത്തും അഭിവാദ്യമർപ്പിക്കാൻ കാത്തുനിന്നത്. എംജി റോഡിലും സ്വരാജ് റൗണ്ടിലും തിങ്ങിനിറഞ്ഞ വോട്ടർമാരെയും പ്രവർത്തകർക്കും സുരേഷ് ഗോപി കൈവീശി കാണിച്ച് നന്ദി അർപ്പിച്ചു.
പൊലീസിനെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വരും വർഷങ്ങളിൽ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടത്തുമെന്ന് പറഞ്ഞ സുരേഷ് ഗോപി അടുത്ത തവണ ഗുരുവായൂർ മണ്ഡലവും എൻഡിഎയ്‌ക്കൊപ്പം നിർത്താനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും വ്യക്തമാക്കി. വരുന്ന അഞ്ച് വർഷം ഓരോ നിമിഷവും തൃശൂരിനു വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. തന്‍റെ കേന്ദ്രമന്ത്രിസ്ഥാനം കേന്ദ്ര നേതൃത്വം തീരുമാനിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു.
ALSO READ : കേരളത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ സംസാരിക്കുക ഇവരൊക്കെ; എംപിമാരെ പറ്റി വിശദമായി അറിയാം