തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്‍റെ നേതൃത്വത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെ എത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
രാവിലെ 11 മണിയോടെ കലക്ട്രേറ്റിലെത്തിയ രാജീവ് ചന്ദ്രശേഖർ ജില്ലയിലെ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ല കലക്‌ടറുമായ ജെറോമിക് ജോർജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രി എസ് ജയശങ്കർ, നേതാക്കളായ പി കെ കൃഷ്‌ണദാസ്, വി വി രാജേഷ്, ടി പി ശ്രീനിവാസൻ എന്നീ നേതാക്കളും ബിജെപി പ്രവർത്തകരും രാജീവ് ചന്ദ്രശേഖറിനെ അനുഗമിച്ചു.
ജയം ഉറപ്പാണെന്ന് പ്രതീക്ഷയുണ്ടെന്നും മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും നാമനിർദേശ പത്രിക സമർപ്പണത്തിനു ശേഷം രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. ത്രികോണ മത്സരമാണ് തലസ്ഥാനത്ത്. രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇല്ല. തിരുവനന്തപുരത്തിൻ്റെ വികസനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രശ്‌നങ്ങൾക്ക് പരിഹാരം താൻ നൽകും. ആരാണ് പരാജയമെന്ന് ജനം പറയണം. 100 ശതമാനം തലസ്ഥാനത്ത് കാര്യം നടക്കും. പരാജിതനാരെന്ന് താനല്ല പറയേണ്ടത്. മുഖ്യ എതിരാളി ആരാണെന്ന് നോക്കുന്നില്ല. തിരുവനന്തപുരത്ത് വികസനം കൊണ്ട് വരിക എന്നാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.