കോഴിക്കോട്: കല്ലാനോടുകാരുടെ ഉറക്കം പോയിട്ട് രണ്ട് ദിവസമായി. ജീവന് ഭീഷണിയായി തലയ്‌ക്ക് മുകളിൽ ഇപ്പോഴും കൂറ്റൻ കല്ലുണ്ട്. ഏത് സമയവും താഴോട്ട് പതിക്കാമെന്ന അവസ്ഥയിലാണ് മലയിറങ്ങി വന്ന പടുകൂറ്റൻ പാറക്കല്ല്.
വ്യാഴാഴ്‌ച (ജൂണ്‍ 27) രാത്രി 10.30നാണ് കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് നിന്ന് വലിയ ശബ്‌ദം കേട്ടത്. ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് പരിശോധനയിൽ ഉഗ്രശബ്‌ദത്തിന്‍റെ ഉറവിടം കണ്ടെത്തി.
പടുകൂറ്റൻ പാറക്കല്ല് മലയിറങ്ങി വന്നതാണ്. ജനവാസ മേഖലയ്‌ക്ക് മുകളിൽ ഏത് സമയവും താഴോട്ട് പതിക്കാമെന്ന അവസ്ഥയിലാണ് കല്ലിന്‍റെ സ്ഥാനം. മലയിൽ പൊട്ടൽ ഉണ്ടായെന്നാണ് സംശയിക്കുന്നത്.
കല്ലും മണ്ണും ഇടിഞ്ഞു വെള്ളം കലങ്ങി ഒഴുകിയതിനാൽ പുത്തേട്ട് താഴെ തോടിനോട് ചേർന്ന മേഖലയിലെ വീടുകളിലെ ആളുകളെ പൊലീസ് വാഹനത്തിൽ കയറ്റി മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. 7 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
മുമ്പ് മലയിടിച്ചിലില്‍ ഭൂമിക്ക് വിള്ളൽ സംഭവിച്ച മേഖലയാണിത്. പഞ്ചായത്ത് മെമ്പർമാരായ സിമിലി ബിജു, അരുൺ ജോസ്, കൂരാച്ചുണ്ട് എസ് എച്ച് ഒ എൽ സുരേഷ് ബാബു എന്നിവർ സ്ഥലത്ത് എത്തി ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.