കോഴിക്കോട് : എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ഇൻബോര്‍ഡ് വളളത്തിലെ അഞ്ച് മത്സ്യ തൊഴിലാളികളെ ബേപ്പൂർ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് രക്ഷപ്പെടുത്തി. ഇന്നലെ(23-04-2024) വൈകിട്ടാണ് സംഭവം. പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ശിവപുത്രി എന്ന ഇൻബോര്‍ഡ് വള്ളത്തിന്‍റെ എന്‍ജിന്‍ തകരാർ സംഭവിച്ചാണ് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയത്.
പുതിയാപ്പ സ്വദേശി കനകരാജിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്‌ടറുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്മെന്‍റ് വിങ് രക്ഷ പ്രവര്‍ത്തനം നടത്തി മത്സ്യ തൊഴിലാളികളെ സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു.
ബോട്ട് ജീവനക്കാരായ ബാബുരാജ്, ആദർശ്, സജിത്ത്, സുരേഷ്, ശശി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഫിഷറി ഗാര്‍ഡ് ശ്രീരാജ്, റെസ്‌ക്യൂ ഗാര്‍ഡ് ഹമിലേഷ്, മിഥുന്‍ എന്നിവർ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Also Read : കാസര്‍കോട് തോരാമഴ: നീലേശ്വരത്ത് പുലിമുട്ടിലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നു - Fishing Boat Wrecked