കോഴിക്കോട് : ഓണമടുത്തത്തോടെ സർക്കാർ പ്രഖ്യാപിക്കുന്ന ബോണസിലാണ് വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ നോട്ടം. ഇതിൽ കോളടിക്കുന്നത് ബിവറേജസ് ജീവനക്കാർക്കാണ്. പെർഫോമൻസ് അലവൻസെന്ന പേരിൽ 90,000 രൂപയായായിരുന്നു കഴിഞ്ഞവര്‍ഷം ജീവനക്കാർക്ക് ബോണസായി നൽകിയത്.
ഈ വര്‍ഷം അത് ഒരു ലക്ഷം രൂപയാക്കണം എന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ശുപാർശ ചെയ്‌തിരിക്കുന്നത്. എന്നാൽ ഈയിടെയായി മദ്യവിൽപനയിലൂടെയുള്ള ലാഭവിഹിതം കുറവായതു കൊണ്ടുതന്നെ അലവൻസും കൂട്ടാൻ സാധ്യതയില്ല എന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.
ലോട്ടറി ഏജന്‍റുമാർക്കും വിൽപനക്കാർക്കും ഉത്സവബത്തയായി 7,000 രൂപ നൽകും. ഈ വിഭാഗത്തിലെ പെൻഷൻകാർക്ക് 2,500 രൂപയും ഉത്സവബത്തയായി നൽകും. കഴിഞ്ഞ വർഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു നൽകിയത്. 35,600 ഏജന്‍റുമാർക്കും 7,009 പെൻഷൻകാർക്കുമാണു ഈ തവണ ഉത്സവബത്ത ലഭിക്കുക.
കശുവണ്ടി തൊഴിലാളികൾക്ക് കൂലിയുടെ 20% ബോണസും 10,500 രൂപ അഡ്വാൻസും നൽകും. മാസശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിനു തുല്യമായ തുക അഡ്വാൻസായി നൽകും. മറ്റുള്ള ബോർഡ് കോർപ്പറേഷൻ എന്നിവിടങ്ങളിലെ ഉത്സവബത്ത, ബോണസ് എന്നിവ അതത് വകുപ്പുകൾ തിട്ടപ്പെടുത്തി ധനവകുപ്പിന്‍റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. ചൊവ്വാഴ്‌ച വൈകീട്ടോടെ ഇതിൽ അന്തിമ തീരുമാനമാകുമെന്ന് ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും വിതരണം ചെയ്‌ത് തുടങ്ങി. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെൻഷൻകാർക്ക് 1,000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവർക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹത. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കും.
Also Read: 'കാണം വിറ്റ്' ഓണം ഉണ്ണണം; സബ്‌സിഡി ഇനങ്ങൾക്ക് വില വർധിപ്പിച്ച് സപ്ലൈകോ