തിരുവനന്തപുരം: വാടകയ്ക്ക് നല്‍കാനായി ഷോപ്പിങ് കോംപ്ലക്‌സുകളും കെട്ടിടങ്ങളും കടമുറികളും നിര്‍മിക്കുന്നവര്‍ പ്രധാനമായും ആഗ്രഹിക്കുന്നത് അവ ബെവ്കോയ്ക്ക് വാടകയ്ക്കു നല്‍കാന്‍ കഴിഞ്ഞെങ്കിലെന്നാണ്. കൃത്യമായ വാടക, ഉയര്‍ന്ന വാടക, ദീര്‍ഘകാലത്തേക്കുള്ള കരാര്‍ എന്നിവയെല്ലാം കെട്ടിടമുടമകളെ ബെവ്കോയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ പലര്‍ക്കും അതിന് അവസരം ലഭിക്കാറില്ലെന്നതാണ് വാസ്‌തവം. ഈ പ്രശ്‌നത്തിന് പരിഹാരവുമായി എല്ലാവര്‍ക്കും പരിഗണന നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ബിവറേജസ് കോര്‍പ്പറേഷന്‍ 'ബെവ്സ്‌പേസ്' എന്ന ഒരു പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു. ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരിയുടേതാണ് പുതിയ ആശയം.
പൊതുജനങ്ങള്‍ക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ബെവ്കോയ്ക്ക് എഫ്എല്‍ ഒന്ന് അഥവാ ബെവ്‌കോ ഷോപ്പുകള്‍ ആരംഭിക്കുന്നതിനായി വാടകയ്ക്ക് നൽകാന്‍ താത്പര്യം അറിയിക്കാവുന്ന ഒരു ഇൻ്ററാക്‌ടീവ് പോര്‍ട്ടലാണിത്.
പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുഗമവും സുതാര്യവുമായി തങ്ങളുടെ കെട്ടിടങ്ങള്‍ ബെവ്കോയ്ക്ക് വാടകയ്ക്ക് നല്‍കുന്നതിന് സൗകര്യമൊരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബെവ്കോ ഔട്ട്ലെറ്റ് ആരംഭിക്കുന്നതിന് എക്സൈസ് ലൈസന്‍സ് നിര്‍ബന്ധമായതിനാല്‍ അപ്രകാരം ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ടി പോര്‍ട്ടലില്‍ ലഭ്യമാണ്.
താത്പര്യമുള്ളവര്‍ https://bevco.in/ എന്ന വെബ്‌സൈറ്റിലെ ബെവ്‌സ്‌പേസ് https://bevco.in/bevspace/ എന്ന ലിങ്കില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ സാങ്കേതിക സഹായത്തിനായി itd@ksbc.co.in എന്ന ഇമെയില്‍ വിലാസത്തിലോ 6238904125 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് ബെവ്‌കോ അറിയിച്ചു.
Also Read: പ്രീമിയം മദ്യം വീടുകളിലെത്തിക്കാന്‍ ബെവ്കോ അനുകൂലം; മൗനം പാലിച്ച് സര്‍ക്കാര്‍