തമിഴ്‌നാട്: അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന സീതാദേവിയുടെ പ്രതിമയ്ക്ക് പ്രകൃതിദത്ത വസ്‌തുക്കളില്‍ നിന്നും നിര്‍മ്മിച്ച സാരി സമര്‍പ്പിച്ച് ഒരു സംഘം നെയ്ത്ത് തൊഴിലാളികള്‍. ചെങ്കൽപട്ട് ജില്ലയിലെ അനകാപുത്തൂരിൽ നിന്നുള്ള നെയ്ത്ത് തൊഴിലാളികളുടെ സംഘമാണ് ഈ മനോഹരമായ നിര്‍മ്മിതിയ്ക്ക് പിന്നില്‍ (Ayodhya Ram Temple Pran Prathistha).
20 അടി നീളവും നാലടി വീതിയുമുള്ള ബനാന ഫൈബർ സാരിയാണ് സീതാദേവി വിഗ്രഹത്തിന് ചാര്‍ത്താനായി ഇവര്‍ സമര്‍പ്പിച്ചിരിക്കുന്നത്. പൂർണ്ണമായും വാഴനാരും പട്ടും കൊണ്ട് നിര്‍മ്മിച്ച സാരിയില്‍ അയോധ്യ രാമക്ഷേത്രത്തിന്‍റെയും, രാമൻ അമ്പ് എയ്യുന്നതിന്‍റെയുമെല്ലാം ചിത്രങ്ങള്‍ തുന്നിച്ചേർത്തിട്ടുണ്ട്. 4 വീതിയും 20 അടി നീളവും. ചായം കലർത്താതെ പ്രകൃതിദത്തമായ രീതിയിലാണ് സാരി നിർമ്മിച്ചിരിക്കുന്നത് (special natural banana fiber saree).
മാസങ്ങള്‍ക്ക് മുന്‍പാണ് രാമക്ഷേത്രത്തിലേക്ക് തങ്ങളുടേതായി എന്തെങ്കിലും നൽകാനായി അനകാപുത്തൂരിലെ നെയ്ത്ത് തൊഴിലാളി സംഘം പദ്ധതിയിട്ടത്. സംഘത്തിലെ സ്ത്രീകളുമായി ആലോചിച്ച ശേഷമാണ് രാമക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന സീതാദേവിയുടെ പ്രതിമയ്ക്ക് പ്രകൃതിദത്തമായ രീതിയില്‍ നിര്‍മ്മിച്ചെടുക്കുന്ന സാരി നൽകാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത് (Banana fiber made special saree for Sita devi).
പഴങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് ചായങ്ങളും മുള, വാഴ, തെങ്ങ് മുതലായവയിൽ നിന്നുള്ള നാരും ഉപയോഗിച്ചാണ് ഇവര്‍ ജൈവ സാരികൾ നിർമ്മിക്കുന്നത്. വാഴ, മുള, കള്ളിച്ചെടി, പൈനാപ്പിൾ എന്നിവയിൽ നിന്ന് വേർതിരിച്ചെടുത്ത പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ച് വിവിധ നിറങ്ങളിലുള്ള സാരികൾ നെയ്തെടുക്കുന്നു.
വേപ്പ്, മഞ്ഞൾ, ചന്ദനം, ചുണ്ണാമ്പ്, കരി, പഴങ്ങൾ, പച്ചക്കറികൾ, പുറംതൊലി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കി നാരുകളിൽ മുക്കി പല നിറങ്ങളിൽ സാരികൾ നെയ്തെടുക്കുന്നു. രാസവസ്‌തുക്കളൊന്നും ചേർക്കാത്തതിനാൽ തന്നെ ഈ സാരികൾ ശരീരത്തിന് നല്ല തണുപ്പും നൽകുന്നു. കൂടാതെ, ഔഷധ നാരുകൾ കൊണ്ട് നെയ്‌ത സാരികൾ ത്വക്ക് രോഗങ്ങളെ സുഖപ്പെടുത്തുമെന്നും പറയപ്പെടുന്നു.
പ്രകൃതിദത്ത നാരുകൾ കൊണ്ട് നെയ്‌ത ഒരു സാരി ഉണ്ടാക്കാൻ ഏകദേശം മൂന്ന് ദിവസം ആവശ്യമായി വരും. പൂർണ്ണമായും കൈകൊണ്ടാണ് സാരികള്‍ നെയ്യുന്നത്. നാച്ചുറൽ ഫൈബർ സാരികൾക്ക് 1200 മുതൽ 7500 രൂപ വരെയാണ് വില. ചെന്നൈയിൽ നിന്ന് വിമാനമാർഗമാണ് അയോധ്യ ക്ഷേത്രത്തിലേക്ക് സാരി എത്തിച്ചത്.
കഴിഞ്ഞ 12 വർഷത്തോളമായി അനകാപുത്തൂർ നെയ്ത്തുകാര്‍ ഈ സാരി നിര്‍മ്മാണം ആരംഭിച്ചിട്ട്. ഇതിനോടകം തന്നെ തങ്ങളുടെ പ്രകൃതിദത്ത നാരുകളിൽ നിന്നുള്ള നെയ്ത്ത് സേവനത്തിന് നിരവധി നേട്ടങ്ങള്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി വാഴനാരിൽ നിന്ന് സാരി നെയ്‌തതിന് നാഷണൽ ബനാന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സർട്ടിഫിക്കറ്റുകളും മെഡലുകളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.