തൃശൂര്‍ : തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും രാജിവച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു. പി വി അൻവറിന്‍റെ ആരോപണങ്ങൾ ഇനി ശ്യൂന്യാകാശത്ത് മാത്രമേ ഉണ്ടാകു എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ അറയുടെ താക്കോൽ എഡിജിപിയുടെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയും കൈയിലാണ്. ജയിലില്‍ പോകാതെ മുഖ്യമന്ത്രിയേയും മകളെയും സംരക്ഷിക്കുന്നതും ഇവരാണ്. അതുകൊണ്ട് പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡിജിപിക്കും എതിരെ മുഖ്യമന്ത്രിക്ക് ഒന്നുംതന്നെ പറയാൻ കഴിയില്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ ആരോപിച്ചു.
പാർട്ടി സെക്രട്ടറിക്ക് നട്ടെല്ല് ഉണ്ടെങ്കിൽ പൊളിറ്റിക്കൽ സെക്രട്ടറിയേയും എഡിജിപിയേയും മാറ്റാൻ തയ്യാറാകണം. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ മുഖ്യമന്ത്രിയോട് മാറിനിൽക്കാൻ പറയാൻ എം വി ഗോവിന്ദൻ തയ്യാറാകണം എന്നും ബി ഗോപാലകൃഷ്‌ണൻ പറഞ്ഞു. ഇനി മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൊളളക്കാരുടെയും കളളന്മാരുടെയും തട്ടിപ്പുകാരുടെയും പാര്‍ട്ടി എന്ന് അറിയപ്പെടും എന്നും ബി ഗോപാലകൃഷ്‌ണൻ പറഞ്ഞു.
സുനിൽകുമാറാണ് തൃശൂർ പൂരത്തിന്‍റെ അന്തകൻ. അതുകൊണ്ടാണ് സുനിൽകുമാര്‍ വിഷയത്തില്‍ പരാതി കൊടുക്കാതിരുന്നത്. പരാതി കൊടുത്തത് താനാണെന്നും ബി ഗോപാലകൃഷ്‌ണൻ പറഞ്ഞു. പരാതിക്കാരനെന്ന നിലയില്‍ റിപ്പോര്‍ട്ട് ആദ്യം ലഭിക്കുക തനിക്കാണ്. അതുകൊണ്ട് റിപ്പോര്‍ട്ട് വരട്ടെ എന്ന സുനിൽകുമാറിന്‍റെ നിലപാട് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. പൂരത്തില്‍ പൊലീസിന്‍റെ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൊലീസുമായി പ്രശ്‌നങ്ങളുണ്ടാക്കി 2016 ആവർത്തിപ്പിക്കാനാണ് സുനിൽകുമാർ ശ്രമിച്ചത്. 2016ൽ കരിയും കരിമരുന്നും വേണ്ടെന്ന് പറഞ്ഞപ്പോൾ പൂരത്തിന്‍റെ രക്ഷകനായി സുനിൽകുമാർ വന്നു. അതേ സാഹചര്യം സൃഷ്‌ടിക്കാനാണ് ശ്രമിച്ചത്. പക്ഷേ തൃശൂർ പൂരത്തിന്‍റെ അന്തകനായി സുനിൽകുമാർ മാറുകയായിരുന്നു.
പി വി അൻവർ പറഞ്ഞത് ശരിയാണെങ്കിൽ ഗൂഢാലോചന പൊലീസുമായി നടത്തിയത് സുനിൽകുമാറാണ്. പൂരം കലക്കി മീൻ പിടിക്കാനാണ് സുനിൽകുമാർ ശ്രമിച്ചത്. അതിന് ജനം മറുപടി കൊടുക്കുകയാണ് ചെയ്‌തത്. അതിൽ കൊതിക്കറവ് കാണിച്ചിട്ട് കാര്യമില്ലെന്നും ബി ഗോപാലകൃഷ്‌ണൻ പറഞ്ഞു.
Also Read: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; 'സർക്കാര്‍ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം': വിഎസ് സുനിൽകുമാർ