ഇടുക്കി: സപ്ലൈക്കോ സ്റ്റോറുകളിലെ സബ്‌സിഡി സാധനങ്ങളുടെ ലഭ്യത കുറവ് ഇടുക്കി തോട്ടം മേഖലയിലെ തൊഴിലാളികളെ വലക്കുന്നു. സാധനങ്ങൾ ലഭിക്കാതായതോടെ ആളുകൾ അധിക വില നൽകി മറ്റിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങേണ്ടുന്ന സ്ഥിതിയായി. സാധാരണക്കാർക്ക് ഇത് അധിക ബാധ്യത വരുത്തുകയാണ്.
തോട്ടം മേഖലയിലേയും ആദിവാസി മേഖലയിലേയും കാർഷിക മേഖലയിലേയുമൊക്കെ സാധാരണക്കാരായ ആളുകൾ അവശ്യ സാധാനങ്ങൾ വിലകുറച്ച് വാങ്ങാൻ ആശ്രയിക്കുന്നത് സപ്ലൈക്കോ സ്റ്റോറുകളെയാണ്. എന്നാൽ സപ്ലൈക്കോ സ്റ്റോറുകളിലെ സബ്‌സിഡി സാധനങ്ങളുടെ ലഭ്യത കുറവ് ഇടുക്കി ജില്ലയിലെ തോട്ടം മേഖലയെ വലക്കുകയാണ്. സബ്‌സിഡി സാധനങ്ങൾ വാങ്ങുവാൻ സപ്ലൈക്കോയിൽ എത്തിയാൽ സാധനങ്ങൾ പലതും ഇല്ലായെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഗുണഭോക്താക്കൾ പറയുന്നു.
സാധനങ്ങൾ ലഭിക്കാതായതോടെ ആളുകൾ അധിക വില നൽകി മറ്റിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങേണ്ടുന്ന സ്ഥിതിയായി. സാധാരണക്കാർക്ക് ഇത് അധിക ബാധ്യത വരുത്തുകയാണ്. പൊതുവിപണിയിലെ പൊള്ളുന്ന വിലയിൽ സപ്ലൈക്കോയിലൂടെ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭിച്ച് വന്നിരുന്നത് ആളുകൾക്ക് ആശ്വാസകരമായിരുന്നു. ലഭ്യത കുറഞ്ഞതോടെ സാധാരണക്കാരുടെ കുടുംബ ബഡ്‌ജറ്റും താളം തെറ്റി കഴിഞ്ഞു. സപ്ലൈക്കോയിലൂടെ ലഭിച്ചിരുന്ന സാധനങ്ങളുടെ സബ്‌സിഡി നിരക്കിൽ കുറവ് വരുത്താനുള്ള തീരുമാനത്തേയും സാധാരണക്കാർ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
അതേസമയം, സപ്ലൈക്കോ വഴി ലഭിക്കുന്ന അവശ്യ സാധനങ്ങളുടെ സബ്‌സിഡി നിരക്ക് വെട്ടിക്കുറക്കാനുള്ള തീരുമാനത്തിനെതിരെ അടിമാലിയില്‍ അടുത്തിടെ മുസ്ലീം ലീഗ് സായാഹ്ന ധര്‍ണ്ണ പ്രതിഷേധം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു പ്രതിഷേധം. ലീഗ് അടിമാലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദാണ് ധര്‍ണ ഉദ്ഘാടനം ചെയ്‌തത്. ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് അന്ത്രു, ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് എം ബി സൈനുദ്ദീന്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് പി എ ബഷീര്‍ ആനച്ചാല്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം റസാക്ക് വെട്ടിക്കാട്ട്, താലൂക്ക് ജനറല്‍ സെക്രട്ടറി കെ എ യൂനസ്, മുസ്ലിം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി ഹനീഫ അറക്കല്‍, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനസ് ഇബ്രാഹിം, അനസ് കോയന്‍, ജെ ബി എം അന്‍സാര്‍, എം എം നവാസ് തുടങ്ങിയവര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി.
Also Read : അടിമാലിയില്‍ സപ്ലൈക്കോയ്ക്ക് മുമ്പില്‍ കഞ്ഞിവയ്പ്പ് സമരവുമായി യൂത്ത് കോണ്‍ഗ്രസ്