കോഴിക്കോട്: ഇന്ത്യക്ക് വേണ്ടി ആം റസ്‌ലിങ് മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി മാങ്കാവ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്തലി. ഒക്ടോബർ 20 മുതൽ 27 വരെ മുംബൈയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ 55 കിലോ വിഭാഗത്തിലാണ് ഷൗക്കത്തലി പങ്കെടുത്തത്. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് കാട്ടി ഷൗക്കത്തലിയെക്കുറിച്ച് ഇടിവി ഭാരത് വാർത്ത നല്‍കിയിരുന്നു.
ഈ വാർത്ത വന്നതിന് പിന്നാലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ രണ്ട് പേർ സാമ്പത്തിക സഹായം നൽകുന്നതിനായി മുന്നോട്ട് വന്നു. ഇത് വലിയ സഹായമായിക്കണ്ട ഷൗക്കത്ത് ഇപ്പോൾ പൊന്നണിഞ്ഞിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജീവിക്കാൻ വേണ്ടി കാക്കിയിട്ട് ഓട്ടോ ഓടിക്കുന്ന, ദേശീയ തലത്തിൽ സ്വർണ മെഡലുകൾ വാരിക്കൂട്ടിയ ആളാണെന്ന് ആരും അറിയാത്ത ഷൗക്കത്തിനെക്കുറിച്ചുള്ള വാർത്ത ജൂലൈ പതിനഞ്ചിന് ഇടിവി ഭാരത് നൽകി. മത്സരത്തിൽ പങ്കെടുക്കാൻ പണം ഇല്ലാത്തതിനാൽ അന്തർദേശീയ ചാമ്പ്യൻഷിപ്പ് നഷ്‌ടമായതിൻ്റെ സങ്കടമായിരുന്നു അന്ന് പങ്കുവച്ചത്. റിപ്പോർട്ട് കണ്ട പ്രകാശൻ, സുൽത്താൻ തുടങ്ങിയവർ തുടർ മത്സരത്തിന് പോകാൻ സഹായം വാഗ്‌ദാനം ചെയ്യുകയായിരുന്നു. സഹായിച്ച എല്ലാവർക്കും ഷൗക്കത്തലിയും ഭാര്യ നജ്‌മുന്നീസയും നന്ദി പറഞ്ഞു.
ആറ് സ്വർണവും രണ്ട് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ ദേശീയ മെഡലുകൾ. 10 തവണ ദേശീയ ചാമ്പ്യൻഷിപ്പിലെ പങ്കാളിത്തം. പകൽ മുഴുവൻ ഓട്ടോ ഓടിച്ച് രാത്രിയിൽ ജിമ്മിൽ പോയി മണിക്കൂറുകളോളം വർക്ക് ഔട്ട് ചെയ്യുന്ന ഷൗക്കത്തലി. ദേശീയ താരമായ പഞ്ചഗുസ്‌തിക്കാരൻ.
എന്നാൽ ഷൗക്കത്തിനെ പിന്തുടരുന്ന വിഷമം അതൊന്നുമല്ല. ലോക ചാമ്പ്യൻഷിപ്പിനായി ഇത്തവണ മോൾഡോവയിലേക്ക് പറക്കാൻ പറ്റിയില്ലല്ലോ എന്നോർത്താണ്. ഷൗക്കത്തിൻ്റെ കൈയിൽ പണമില്ല. നിശ്ചിത തീയതിക്ക് മുമ്പ് 1.8 ലക്ഷം രൂപ അടയ്ക്കണം. പണം പിരിക്കാനോ സ്‌പോൺസർഷിപ്പ് തേടാനോ ഷൗക്കത്ത് ശ്രമിച്ചില്ല. വിഷാദം ശീലമാക്കി ജീവിക്കുന്ന മനുഷ്യൻ. ഒമ്പത് തവണ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയെങ്കിലും പണത്തിൻ്റെ ദൗർലഭ്യം മൂലം ഒരിക്കലും രാജ്യത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
''അത് സാധ്യമല്ലെന്ന് എനിക്കറിയാം. എനിക്ക് അത്രയും തുക താങ്ങാൻ കഴിയില്ല, സഹായിക്കാൻ ആരും ഉണ്ടാകില്ലെന്ന് എനിക്കറിയാവുന്നതിനാൽ ഞാൻ ആരോടും സഹായം ചോദിച്ചില്ല" ഷൗക്കത്ത് അന്ന് പറഞ്ഞു. എന്നാലും എന്നെങ്കിലും ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അവിടെയാണ് ഇടിവി വാർത്ത തുണയായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഷൗക്കത്തിനും ഭാര്യ നജ്‌മുന്നിസയ്ക്കും അവരുടെ ഇരട്ട ആൺകുട്ടികളായ മുഹമ്മദ് ഇർഫാനും മുഹമ്മദ് ഷർഫാനും കൊച്ചു നഫീസ ഐറിനും പഞ്ചഗുസ്‌തി ഒരു കുടുംബകാര്യമാണ്. നാലാം ക്ലാസിൽ പഠിക്കുന്ന ഐറിൻ ഒഴികെയുള്ള കുടുംബാംഗങ്ങളെല്ലാം മെഡൽ നേടിയ ഗുസ്‌തിക്കാരാണ്.
സ്‌കൂൾ കാലഘട്ടത്തിൽ തന്നെ ഗുസ്‌തി ആരംഭിച്ച ഷൗക്കത്തിന് അതൊരു നേരം പോക്കായിരുന്നു. 'പഞ്ചപിടുത്തം' എന്ന പേരിൽ അത് തുടർന്ന ഈ ചെറുപ്പക്കാരൻ 18 കഴിഞ്ഞപ്പോൾ പഞ്ചഗുസ്‌തി ജീവിതത്തിൻ്റെ ഭാഗമാക്കി. മാങ്കാവിലെ ജിമ്മിൽ പോയി പഞ്ചഗുസ്‌തിയെ കുറിച്ച് പഠിച്ചു. ''അപ്പോൾ ഞാൻ ഇഷ്‌ടിക ചുമക്കുന്ന നിർമ്മാണ സ്ഥലങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. അത് ശക്തമായ പേശികൾ ഉണ്ടാക്കാൻ സഹായിച്ചുവെന്ന് ഷൗക്കത്ത് പറഞ്ഞു.
പിന്നീട് ഓട്ടോ ഡ്രൈവറായി. സ്‌പോർട്‌സ് ക്വാട്ടയിൽ സർക്കാർ ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. മാങ്കാവിലെ എവല്യൂഷൻ ഫിറ്റ്‌നസ് സെൻ്ററിലാണ് പരിശീലനം. സുഹൃത്തും ജിം ഉടമയുമായ റോഷിത്തും പഞ്ചഗുസ്‌തിക്കാരനായ ഹാരിസുമാണ് പിന്തുണ.
ഒരു ലോക കിരീടം സ്വപ്‌നം കാണുന്ന ഷൗക്കത്ത് അതിനുള്ള തയ്യാറെടുപ്പിലാണ്. ആരെങ്കിലും ഇനിയും സഹായത്തിന് എത്തുമെന്ന ശുഭ പ്രതീക്ഷയിലാണ്. ക്യാഷ് പ്രൈസ് ഇല്ലാത്ത ഒരു മത്സരവിഭാഗം കൂടിയാണിത്. മെഡലുകൾ വാരിക്കുട്ടുമ്പോഴും ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിയോജിപ്പിക്കാൻ കഷ്‌ടപ്പെടുകയാണ് ഈ കുടുംബം. സ്പോർട്‌സ് ക്വാട്ടയിൽ സർക്കാർ ജോലിക്ക് ശ്രമം നടത്തിയെങ്കിലും ഇതുവരെ വഴി തുറന്നിട്ടില്ല. അവിടെയും ഒരു വഴി തെളിയുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോടിൻ്റെ സ്വന്തം പഞ്ചഗുസ്‌തിക്കാരൻ.
Also Read: U23 ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ്; ചിരാഗ് ചികാര സ്വർണ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി