തിരുവനന്തപുരം : ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽ പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധിനിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥി വി ജോയ്. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന് വേണ്ടി ബാർ മുതലാളി ബിജു രമേശ് പണം നൽകാൻ എത്തിയെന്നാണ് വി ജോയ് ആരോപിക്കുന്നത്.
ഇന്നലെ ആറ്റിങ്ങൽ മണ്ഡലത്തിലെ അരുവിക്കര പുതുകുളങ്ങരയിലെത്തിയ ബിജു രമേശിനെ എൽഡിഎഫ് പ്രവർത്തകർ തടയുകയും ചെയ്‌തിരുന്നു. എന്നാൽ ബിജു രമേശിന്‍റെ വാഹനം പരിശോധിച്ചിട്ടും പണമൊന്നും ലഭിച്ചില്ലെന്നാണ് അരുവിക്കര പൊലീസ് പറയുന്നത്. സംഭവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
ഇന്നലെ രാത്രി 10 മണിയോടെയാണ് ബിജു രമേശിനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്. വാഹനത്തിന് മുന്നിലും പിന്നിലും ബൈക്ക് വച്ചായിരുന്നു ബിജു രമേശിന്‍റെ വാഹനം തടഞ്ഞത്. സ്ഥലത്ത് പൊലീസ് എത്തുന്നത് വരെ ബിജു രമേശിനെ പ്രവർത്തകർ തടഞ്ഞുവച്ചു. പിന്നീട് പൊലീസ് എത്തിയ ശേഷമാണ് ബിജു രമേശ് മടങ്ങിയത്. വോട്ടർമാർക്ക് പണം നൽകാനല്ല സ്ഥല കച്ചവടത്തിനാണ് എത്തിയതെന്ന് ബിജു രമേശ് പൊലീസിനോട് വിശദീകരിച്ചത്.