കോട്ടയം : ജഡ്‌ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്‌ചയാണ് (27-03-2024) സംഭവം. ആക്രമണം നടത്തിയ കാരപ്പുഴ സ്വദേശി രമേശനെ (65) അറസ്‌റ്റ് ചെയ്‌തു.
കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയനാണ് പരിക്കേറ്റത്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ക്രിമിനൽ കേസിൽ പ്രതിയായ രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയെത്തിയതാണ്.
രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ, കോടതിയിൽ എത്തിയ രമേശൻ രേഖകൾ ആവശ്യപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലാർക്കുമായി വാക്കുതർക്കത്തിലേര്‍പ്പെട്ടു. പിന്നീട് ജഡ്‌ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് രമേശനെ കോടതിക്ക് പുറത്താക്കി. എന്നാല്‍ വൈകിട്ട് കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
ഇതിനിടെയാണ് പൊലീസുകാരന് വെട്ടേറ്റത്. കൂടുതൽ പൊലീസ് എത്തി ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. മുമ്പും കോടതിയിൽ എത്തി ഇയാൾ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.