എറണാകുളം: വർഗീയതയും വിഭാഗീയതയുമില്ലാതെ മുന്നോട്ട് പോകണമെന്നതാണ് ഓണത്തിൻ്റെ സന്ദേശമെന്ന് നിയമ സഭാ സ്‌പീക്കർ എഎൻ ഷംസീർ. തൃപ്പൂണിത്തുറയിൽ നടന്ന അത്തച്ചമയാഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഭാവനയുടെയും സ്നേഹത്തിൻ്റെയും സഹിഷ്‌ണുതയുടെയും ആഘോഷമാണ് ഓണം.
പരസ്‌പരം സ്നേഹിക്കാനും ബഹാനിക്കാനും സഹിഷ്‌ണുതയോടെ മുന്നോട്ട് പോകാനുമാണ് ഓണം നമ്മളെ പഠിപ്പിക്കുന്നതെന്നും സ്‌പീക്കർ പറഞ്ഞു. നമുക്കിടയിൽ വേർതിരിവുകൾ ഇല്ലാതെ, ദുഷ്‌ട ചിന്തയില്ലാതെ മുന്നോട്ട് പോകണമെന്നതാണ് ഓണാഘോഷം ഓർമ്മിപ്പിക്കുന്നത്. കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം എന്നത് മലയാളിക്ക് ഇന്ന് പറയാൻ കഴിയുമോയെന്നും എഎൻ ഷംസീർ ചോദിച്ചു.
നമുക്കിടയിൽ കള്ളവും ചതിയും കൂടിവരികയാണ്. ഇന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നാളെ ആരെ പറ്റിക്കണമെന്നാണ് മലയാളികളിൽ ചിലർ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണം ഓർമ്മപ്പെടുത്തുന്നത് പരസ്‌പരം തർക്കിക്കാതെയും പഴി ചാരാതെയും സ്നേഹത്തോടെ മുന്നോട്ട് പോകണമെന്നാണ് എന്നും സ്‌പീക്കർ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്‌തമായി സ്നേഹവും ഐക്യവും ഉള്ള നാട് കേരളമാണ്. വർഗീയതയും വിഭാഗീയതയും ഒരു പരിധിവരെ കടന്ന് വരാൻ കഴിയാത്ത സംസ്ഥാനമാണ് കേരളം. ഇത് നില നിർത്തി കൊണ്ടുപോകാൻ കഴിയണം. ഉത്തരാഖണ്ഡിലെ കൻവാർ യാത്രയുമായി ബന്ധപെട്ട് മതത്തിൻ്റെ പേരിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇവിടെ ഘോഷയാത്ര നടക്കുമ്പോൾ മതത്തിൻ്റെ തിരിച്ചറിയൽ ചിഹ്നങ്ങളില്ലാതെ ആർക്കും കച്ചവടം നടത്താം അതാണ് കേരളം.
വയനാട് നേരിട്ട ദുരന്തത്തെ നാം അതിജീവിച്ചത് എല്ലാരുയും സഹായത്തോടെയാണ്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പരിപാടി വേണമോയെന്ന് ചർച്ച ഉണ്ടായിരുന്നു. എന്നാൽ അത്തച്ചമയ പരിപാടിയുടെ പ്രാധാന്യം പരിഗണിച്ച് പൊതു തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒരു മഴ വന്നാൽ എല്ലാം തീരുമെന്നാണ് വയനാട്ടിൽ നാം കണ്ടത്.
വയനാട് ദുരന്തത്തെ ഒറ്റകെട്ടായി നേരിട്ടത് നമ്മുടെ സംസ്‌കാരത്തിൻ്റെ ഭാഗമാണ്. ഭിന്നിപ്പുകളും വർഗിയ ചേരിതിരിവുകളും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നേക്കാം. നമ്മുടെ സംസ്‌കാര കൈമോശം വരാതെ കാത്ത് സൂക്ഷിക്കാൻ കഴിയണം. നമ്മുക്കിടയിൽ ഒരു വേലിക്കെട്ടുമില്ലാതെ മലയാളി ആഘോഷിക്കുന്ന ആഘോഷമാണ് ഓണമെന്നും സ്‌പീക്കർ പറഞ്ഞു.