തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റം. ഇന്നലെ രാത്രി പത്തരയോടെ പാളയത്താണ് സംഭവം. മേയർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കിയില്ല, ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ആര്യ രാജേന്ദ്രൻ കാർ കുറുകെ നിർത്തി കെഎസ്ആർടിസി ബസ് തടഞ്ഞത്.
തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ യദു ഇതിനിടെ മോശമായ ആംഗ്യം കാണിച്ചുവെന്നാരോപിച്ച് ആര്യ കന്‍റോൺമെന്‍റ് പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യദുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
സ്ത്രീകളോട് മോശമായി പെരുമാറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. പട്ടം മുതൽ പാളയം വരെ തന്‍റെ കാറിന് സൈഡ് നല്‍കിയില്ലെന്നാണ് മേയറുടെ ആരോപണം. അതേസമയം ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയെന്നും തന്നോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ഡ്രൈവർ യദുവും കന്‍റോൺമെന്‍റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഈ പരാതിയിൽ നിലവിൽ കേസെടുത്തിട്ടില്ല. പരിശോധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കുകയുള്ളുവെന്ന് കന്‍റോൺമെന്‍റ് എസ്എച്ച്ഒ പറഞ്ഞു.
ALSO READ: ഓൺലൈൻ ബുക്കിങ്ങിൽ മാറ്റങ്ങളുമായി കെഎസ്ആർടിസി; അറിയാം ഈ കാര്യങ്ങള്‍