എറണാകുളം: പുതിയ വേഗവും ഉയരവും തേടി ലോക കായിക താരങ്ങൾ പാരീസ് ഒളിബിക്‌സ് വേദിയിൽ ഒരുമിച്ച് ചേരുമ്പോൾ മറ്റൊരു ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ് കൊച്ചി സ്വദേശിയായ അരുൺ തഥാഗത് (42). പാരീസ് ഒളിമ്പിക്‌സിന് തിരശ്ശീല ഉയരുന്ന ജൂലൈ ഇരുപത്തിയാറിന് ഒളിബിക്‌സ് വേദികളിൽ സൈക്കിളിൽ കറങ്ങിയാണ്, അരുൺ തൻ്റെ ഏറ്റവും ദൈർഘ്യമേറിയ സൈക്കിൾ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. ഒളിബിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ കണ്ട് അവർക് ആശംസകൾ അർപ്പിക്കും.
അമ്പലമേട് സ്വദേശിയായ അരുൺ തഥാഗത് സൈക്കിളിലെ ലോകസഞ്ചാരത്തിന് ഒളിബിക്‌സ് തെരെഞ്ഞെടുത്തത് തന്നെ ലോകം പാരീസിൽ ഒത്തുചേരുന്നതിനാലാണ്. സൈക്കിളിൽ ലോകം ചുറ്റി വ്യത്യസ്‌ത സംസ്‌കാരവും ജീവിത രീതികളുമുള്ള മനുഷ്യരിലേക്കും, ഗ്രമങ്ങളിലേക്കും നേരിട്ട് ഇറങ്ങുകയാണ് അരുണിൻ്റെ ലക്ഷ്യം.
ജൂലൈ 26ന് ഒളിബിക്‌സ് വേദിയിൽ നിന്ന് സെക്കിളിൽ യാത്ര തുടങ്ങി രണ്ട് വർഷത്തിന് ശേഷം 2026 ജൂലൈയിൽ കേരളത്തിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്‌ത സർളി സൈക്കിളിലാണ് അരുൺ യാത്ര ചെയ്യുക. വിസയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കലും, കളക്‌ടറേറ്റിൽ ജീവനക്കാരനായതിനാൽ ഔദ്യോഗികമായി ചെയ്യേണ്ട മുന്നൊരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി യാത്രയ്ക്കായായി ഇറങ്ങുക മാത്രമാണ് ബാക്കി. പിന്നെയെല്ലാം തനിയെ വരുമെന്നും അരുൺ പറഞ്ഞു. കൂടുതൽ മുന്നൊരുക്കങ്ങളില്ലാത്ത യാത്രയാണ് നന്നായി ആസ്വദിക്കാൻ കഴിയുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളിയായ അരുൺ തൻ്റെ പേരിനൊപ്പം പാലി ഭാഷയിലുള്ള ബോധോധയം ലഭിച്ചയാൾ എന്ന അർത്ഥം വരുന്ന തഥാഗത് എന്ന പേര് സ്വീകരിച്ചതിനും കാരണമുണ്ട്. ജാതി മത ചിന്തകളിൽ നിന്നും വിമുക്തമായ ഒരു പേര് സ്വീകരിക്കണം എന്ന് ചിന്തിക്കുകയായിരുന്നു. ഇതോടെയാണ് അമ്പലമേട് സ്വദേശി അരുൺ തഥാഗതായി മാറിയത്. നേരത്തെ തായ്‌ലാൻ്റ് വരെ നടത്തിയ ഒരു വർഷം നീണ്ട യാത്രയാണ് അരുണിൻ്റ ആദ്യ ദീർഘ ദൂര സൈക്ളിങ് യാത്ര. അതേസമയം പാരീസ് ഒളിബിക്‌സ് വേദിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര രണ്ട് വർഷം നീളുമെന്നതിൻ്റെ ആകാംക്ഷയിലും സന്തോഷത്തിലുമാണ് അരുണുള്ളത്.
യാത്രയ്ക്ക് വേണ്ടി നിക്ഷേപം നടത്തി പുതിയ അനുഭവങ്ങൾ നേടണമെന്നാണ് അരുൺ ഉപദേശിക്കുന്നത്. ഒരു സൈക്കിൾ യാത്രികൻ അനാവശ്യമായതെല്ലാം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ജീവിതത്തിലും അനാവശ്യമായ ഭാരങ്ങളെല്ലാം ഒഴിവാക്കി സന്തോഷത്തോടെ ജീവിക്കാനാണ് പഠിക്കേണ്ടതെന്നും അരുൺ പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങുക എന്നതും, രാജ്യാതിർത്തിക്ക് അതീതമായ വ്യക്തിബന്ധങ്ങൾ ഉണ്ടാക്കുകയെന്നതും യാത്രയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
ഇതുവരെയുള്ള യാത്രകൾക്കെല്ലാം ലോൺ എടുത്താണ് പണം കണ്ടെത്തിയത്. ഇത്തവണ കൂടുതൽ ചെലവ് ആവശ്യമായതിനാൽ സ്‌പോൺസർമാരെ തേടുകയാണ്. കഴിഞ്ഞ യാത്രയുടെ ലോൺ അടവ് പൂർത്തിയാക്കിയതിന് പിന്നാലെ ഈ യാത്രയ്ക്കു വേണ്ടിയും ലോണെടുക്കുകയായിരുന്നു. കേരള ടൂറിസവുമായി തൻ്റെ യാത്രയെ ബന്ധിപ്പിക്കാനുള്ള ശ്രമവും അരുൺ തുടരുകയാണ്. സർക്കാരിന് സാമ്പത്തിക ചെലവ് വരാതെ തൻ്റെ യാത്രയിലുടനീളം കേരള ടൂറിസത്തെ പ്രചരിപ്പിക്കാമെന്ന നിർദ്ദേശമാണ് അദ്ദേഹത്തിനുള്ളത്.
തൻ്റെ ദീർഘദൂര സൈക്കിൾ യാത്രകളെ കുറിച്ച് പുസ്‌തകമെഴുതാനും സർക്കാർ ജീവനക്കാരനായ അരുണിന് പ്ലാനുണ്ട്. ഇത് സർവീസ് ചട്ടങ്ങൾ അനുസരിച്ച് മാത്രമായിരിക്കും പ്രസിദ്ധീകരിക്കുക. ഇരുപത് വർഷമായി സർക്കാർ സർവീസിൽ റവന്യു വിഭാഗത്തിൽ ക്ലാർക്കായി ജോലി നോക്കുന്ന അരുൺ ചുരുങ്ങിയത് വില്ലേജ് ഓഫീസറെങ്കിലും ആവേണ്ടതായിരുന്നു. എന്നാൽ യാത്രകൾക്ക് വേണ്ടി പലപ്പോഴും ലീവിലായതിനാൽ പ്രമോഷനുകളെല്ലാം നഷ്‌ടമാവുകയായിരുന്നു. സൈക്കിൾ യാത്രയെ അങ്ങേയറ്റം ഇഷ്‌ട്ടപെടുന്ന അരുണിന് ഇതൊന്നും പ്രശ്‌നമേയല്ല.
ജൂലൈ 25ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 26 ന് പാരീസിലെത്തും. അന്നുതന്നെ പഴയ സ്‌പൈസസ് റൂട്ടിലൂടെ ഇന്ത്യയിലേക്ക് സൈക്കിൾ ചവിട്ടി തുടങ്ങും. ഒരു ദിവസം ചുരുങ്ങിയത് അമ്പത് കിലോമീറ്റർ വരെയാണ് സഞ്ചരിക്കുക. രണ്ട് വർഷം കൊണ്ട് നാല്‌പതോളം രാജ്യങ്ങളിലൂടെ സൈക്കിൾ യാത്ര നടത്താനാണ് ലക്ഷ്യമിടുന്നത്.
പാരീസ്, ജർമ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഇസ്‌താംബൂൾ , ഇറാൻ, ഗൾഫ് രാജ്യങ്ങൾ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ഫിൻലൻഡ്, നോർവേ ഖസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ,ഡെന്മാർക്ക്, നെതർലാൻഡ്‌സ്, ബെൽജിയം, സ്‌പെയിൻ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം അരുണിൻ്റെ സൈക്കിൾ യാത്രയിൽ ഉൾപ്പെടുന്നു.
പാറേക്കാട്ടിൽ നാരായണന്‍റെയും തങ്കമണിയുടെയും മകനായ അരുൺ നിലവിൽ എറണാകുളം കളക്‌ടറേറ്റിൽ സീനിയർ ക്ലാർക്കാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരികൂടിയാണ് അരുൺ തഥാഗത്.