മലപ്പുറം: തിരൂർ ഡെപ്യുട്ടി തഹസിൽദാര്‍ നാടുവിട്ട സംഭവത്തില്‍ മൂന്ന് പേർ കസ്‌റ്റഡിയിൽ. തഹസില്‍ദാര്‍ പി ബി ചാലിബിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്ന് പേരെയാണ് കസ്‌റ്റഡിയിലെടുത്തത്. രണ്ടത്താണി സ്വദേശികളായ ഫൈസൽ, ഷഫീഖ്, വെട്ടിച്ചിറ സ്വദേശി അജ്‌മൽ എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇതിൽ രണ്ട് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് തഹസിൽദാർ സംഭവം വെളിപ്പെടുത്തിയത്. 'തന്നെ പോക്സോ കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിക്ക് പുറമെ പ്രതികൾ പത്ത് ലക്ഷം രൂപ തട്ടുകയും ചെയ്‌തു. എന്നാൽ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് നാടുവിട്ടതെന്നാണ്' തഹസില്‍ദാര്‍ പരാതിയിൽ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് ദിവസം മുമ്പാണ് മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസില്‍ദാർ പി ബി ചാലിബിനെ കാണാനില്ലെന്ന് വാര്‍ത്ത പുറത്തുവരുന്നത്. വൈകീട്ട് ഓഫിസില്‍ നിന്നും ഇറങ്ങിയ ശേഷം, വീട്ടിലെത്താൻ വൈകുമെന്ന് ഇദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞും ചാലിബ് വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ചാലിബ് ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടത്.
മാനസിക പ്രയാസങ്ങള്‍ കാരണം വീടുവിട്ട് നിന്നതാണെന്നും കർണാടകയിലാണെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞു. വൈകാതെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി 11 മണിയോടെ ഇദ്ദേഹം വീട്ടില്‍ തിരിച്ചെത്തി. മലപ്പുറത്തെ വീട്ടിലെത്തിയ ചാലിബിനെ തുടർ നടപടി പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.