മലപ്പുറം : ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ അടിയന്തര സഹായത്തിനായി പോത്തുകല്ല് തലപ്പാലിയിൽ കേന്ദ്രസേനയുടെ ഹെലികോപ്റ്റർ എത്തി. ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെയുള്ള കിറ്റുകളുമായാണ് ഹെലികോപ്‌റ്റര്‍ എത്തിയത്. ഡിവൈഎസ്‌പി ഷാജു കെ എബ്രഹാം, ബിഡിഒ, റവന്യൂ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അറുപതോളം വരുന്ന ബോക്‌സ് കിറ്റുകളാണ് എത്തിച്ചത്. വിവിധ സംഘടനകളും പൊലീസ്, എൻഡിആർഎഫ്, മറ്റ് സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു.
അതേസമയം, പോത്തുകല്ല് പഞ്ചായത്തിലെ കുമ്പളപ്പാറക്ക് മുകളിൽ ചെങ്കുത്തായ മലവാരത്തിൽ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ സന്നദ്ധ പ്രവർത്തകർ എയർ ലിഫിറ്റിങ് സംവിധാനം തേടി. റവന്യൂ വിഭാഗം നടപടി ആരംഭിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സംഭവിച്ച വയനാട് ചൂരൽമലക്കും മലപ്പുറം ജില്ല അതിർത്തിയായ കുമ്പളപ്പാറക്കും ഇടയിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾ തെരഞ്ഞ് മല കയറിയ സന്നദ്ധ പ്രവർത്തകരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെങ്കുത്തായ മല വാരത്തിലൂടെ മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എയർ ലിഫിറ്റിങ് സംവിധാനം തേടിയത്. നിലമ്പൂർ തഹസിൽദാരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്. ഹെലികോപ്റ്റർ ലഭ്യമായാലും വനാന്തർ ഭാഗത്ത് എയർ ലിഫ്റ്റിങ് ഉപയോഗപ്പെടുത്താൻ പ്രയസാകരമാവുമോ എന്ന് ആശങ്കയുണ്ട്.