ബെംഗളൂരു : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. 12 മണിയോടെ പരിശോധന തുടങ്ങുമെന്നാണ് വിവരം.
ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്‍റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡ് ഷിരൂരിൽ എത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
അതേസമയം നേവിയുടെ ഡൈവർമാർ പുഴയിലേക്കിറങ്ങി. നാവിക സേനാംഗങ്ങൾ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് പരിശോധിക്കുകയാണ്. പുഴയുടെ അടിയിലേക്ക് പോകാൻ കഴിയുന്ന സാഹചര്യമാണോയെന്നാണ് പരിശോധന. പുഴയിലെ ദൗത്യത്തിന് അടിയൊഴുക്ക് ഇപ്പോഴും തിരിച്ചടിയെന്ന് അധികൃതർ പറഞ്ഞു.
15 അംഗം മൂന്ന് ബോട്ടുകളിലായാണ് പരിശോധന നടത്തുന്നത്. ഉചിതമായ സാഹചര്യമാണെങ്കിൽ മുങ്ങൽ വിദഗ്‌ധർ പുഴയുടെ അടിത്തട്ടിലേക്ക് നീങ്ങും. ഒരാൾ കയർ കെട്ടി ഓക്‌സിജനുമായാണ് പുഴയിലേക്ക് ഇറങ്ങുക. നാവിക സേനയുടെ മുങ്ങൽ വിദഗ്‌ധരാണ് ട്രക്ക് കണ്ടെത്താൻ ഇറങ്ങുക. അതേസമയം ലോങ് ബൂം എസ്‌കവേറ്റർ ഉപയോഗിച്ച് കരയിലെ മണ്ണ് നീക്കം ചെയ്യുന്നത് തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: പ്രതീക്ഷയോടെ പത്താം നാൾ: വെല്ലുവിളിയായി മഴ; സജ്ജമായി ദൗത്യസംഘം