ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഊർജിതമാക്കി ദൗത്യസംഘം. ഗംഗാവലി നദിയിൽ അർജുന്‍റെ ലോറി ഉണ്ടെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കനത്ത കാറ്റ് വീശുന്നതിനാലും കുത്തൊഴുക്ക് കൂടിയതിനാലും ഇന്നലെ (ജൂലൈ 24) രക്ഷാദൗത്യം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
ഇന്ന് (ജൂലൈ 25) ഉച്ചയോടെ ട്രക്ക് കരയ്‌ക്കെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി. ലോറി കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചിൽ നടത്തുക. എന്നാൽ ഇടവിട്ടുള്ള മഴ രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നതായി അധികൃതർ പറഞ്ഞു.
അർജുനെ രക്ഷിക്കാനുള്ള ശ്രമം അൽപസമയത്തിനകം തുടങ്ങും. ട്രക്കിൽ ആളുണ്ടോ എന്നാകും ആദ്യം ഉറപ്പാക്കുക. സ്‌കൂബ ഡൈവർമാരാണ് ഇന്ന് രക്ഷാദൗത്യത്തിന് വേണ്ടിയുള്ള നിർണായകമായ എല്ലാ കാര്യങ്ങളും ചെയ്യുന്നത്.
ഡൈവർമാർ വെള്ളത്തിനടിയിലേക്ക് പോയി ലോറി നിരീക്ഷിക്കും. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ ക്യാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന നൽകുക എന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ട്രക്കിന്‍റെ സ്ഥാനം നിർണയിച്ചിട്ടാകും ഡൈവർമാർ നദിയിലേക്ക് ഇറങ്ങുക. ഗംഗാവലിയിൽ അടിയൊഴുക്ക് കൂടുതലാണെന്നും ഇത് മറികടക്കാൻ വഴി തേടുമെന്നും അധികൃതർ അറിയിച്ചു. ഒഴുക്ക് കുറച്ചാൽ മാത്രമേ ദൗത്യം വിജയകരാകുകയുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.
മുങ്ങൽ വിദഗ്‌ധരും, സൈന്യവും ഗംഗാവലി പുഴയ്‌ക്കരികിൽ സജ്ജമാണ്. രക്ഷാദൗത്യത്തിനായി സംഭവ സ്ഥലത്ത് ലോങ് ബൂം എസ്‌കവേറ്ററും എത്തിച്ചു. ഐബോർഡ് എന്ന തെരച്ചിൽ ഉപകരണവും ഇന്ന് ഉപയോഗിക്കും.
ഐ ബോർഡെത്തിയാൽ ഉടൻ തന്നെ ഓപ്പറേഷൻ ആരംഭിക്കും. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കും. ഇതിനായി ഐ ബോർഡ് പരിശോധന 12 മണിയോടെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവ സ്ഥലത്ത് ഡ്രോൺ അടക്കം എല്ലാം സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.
എത്രത്തോളം മണ്ണ് നദിയിൽ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റിയാൽ മാത്രമേ ലോറി പുറത്തെടുക്കാൻ കഴിയുകയുള്ളു. ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ട്രക്കിന്‍റെ സാന്നിധ്യം നദിയിൽ കണ്ടെത്തിയത്. കര - നാവിക സേനകളും എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പൊലീസ് സംഘങ്ങൾ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ദൗത്യ സ്ഥലത്ത് നിന്ന് മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ മാറ്റി.
ഈ മാസം 16-ാം തീയതി രാവിലെ 8.30 നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങിയിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന ലഭിച്ചത്.
അര്‍ജുന്‍ ഓടിച്ചിരുന്ന ട്രക്കിലെ ജിപിഎസ് സംവിധാനം അവസാനമായി പ്രവര്‍ത്തിച്ചത് അന്ന് രാവിലെ 8.49 നാണ്. ലോറിയുടെ ലൊക്കേഷന്‍ അവസാനമായി കാണിക്കുന്നതും ഷിരൂരില്‍ തന്നെയാണ്. ഷിരൂരില്‍ വണ്ടി ഓഫായെന്നാണ് കാണിക്കുന്നത്. അതിന് ശേഷം ഓഫ് ലൈനായി എന്ന് സൂചിപ്പിക്കുന്ന റെഡ് സിഗ്നലാണ് ജിപിഎസ് മാപ്പില്‍ കാണിക്കുന്നത്. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്. മുക്കം സ്വദേശി ജിതിൻ്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കാണാതായത്.