കോഴിക്കോട്: കര്‍ണാടക കാര്‍വാര്‍ അങ്കോളയ്‌ക്ക് സമീപം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അര്‍ജുനായുള്ള തെരച്ചില്‍ കാര്യക്ഷമമാക്കുന്നില്ലെന്ന് കുടുംബം. അർജുനെ വെറും ഡ്രൈവറായി കണ്ട് കർണാടക പൊലീസ് സംഭവത്തെ ഗൗരവത്തിൽ എടുത്തില്ലെന്നും ഭാര്യ സഹോദരൻ ജിതിൻ പറഞ്ഞു. ഡ്രൈവർമാരുടെ ജീവന് വിലയില്ലെന്നും ജിതിൻ ഇടിവി ഭാരതിനോട് പ്രതികരിച്ചു.
പരാതി സ്വീകരിക്കാൻ പോലും അവർ തയ്യാറായില്ല. രക്ഷാപ്രവർത്തകർക്കൊപ്പമാണ് ജിതിൻ ഉള്ളത്. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെ ഭീതിയിലാണ് സുരക്ഷ സംഘങ്ങൾ.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കര്‍ണാടകയില്‍ അപകടമുണ്ടായത്. രാവിലെ 9 മണിയോടെയാണ് ഷിരൂരിൽ ദേശീയ പാതയിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിന് പിന്നാലെ നിരവധി വാഹനങ്ങള്‍ പാതയില്‍ കുടുങ്ങി. ഇതിനിടെയാണ് കോഴിക്കോട് മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന ലഭിച്ചത്.
ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്.