കണ്ണൂർ: സംസ്ഥാന സർക്കാർ പുറത്തുവിട്ട വന നിയമ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് തലശേരി സീറോ മലബാർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വന നിയമ ഭേദഗതി കരട് വിജ്ഞാപനം ഉത്തര കൊറിയയിൽ നടപ്പിലാക്കേണ്ട നിയമമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ പുറത്ത് വിട്ട വന നിയമ ഭേദഗതി ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ക്രൈസ്‌തവ സഭ മേഖലകളിൽ നിന്ന് ഉയരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വനം വകുപ്പിന്‍റേത് ജനപക്ഷത്ത് നിൽക്കുന്ന നിലപാടല്ലെന്നും ജനാധിപത്യമാണോ ഉദ്യോഗസ്ഥ ഭരണമാണോ ഇവിടെയെന്ന് സംശയിക്കണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മന്ത്രി കരട് വായിച്ചിട്ടുണ്ടോ എന്നുചോദിച്ച ജോസഫ് പാംപ്ലാനി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കർഷകരുടെ മേൽ കുതിരകയറാൻ അനുമതി നൽകുന്ന നിയമമെന്നും വിമർശിച്ചു. ഭരണഘടനാ വിരുദ്ധമായ നിയമം അടിയന്തിരമായി പിൻവലിക്കണമെന്നും തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകനെ ദ്രോഹിക്കാൻ ഉദ്യോഗസ്ഥരെ കയറൂരി വിടരുതെന്നും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.