തൃശൂർ : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. ഇന്ന് രാവിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആന ഇടഞ്ഞത്. വടക്കുംനാഥൻ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിനോട് ചേർന്നുള്ള വഴിയിലൂടെ കിഴക്കേ നടയിലേയ്ക്ക് ഓടിയ ആന പിന്നീട് സ്‌റ്റേജിന് സമീപത്തൂടെ വടക്ക് വശത്തേയ്ക്ക് ഓടുകയായിരുന്നു. ഉടൻ തന്നെ പാപ്പാൻമാരും എലഫെൻ്റ് സ്ക്വാഡ് അംഗങ്ങളും ചേർന്ന് ആനയെ തളച്ചു.
ആറാട്ടുപുഴയില്‍ പൂരത്തിനിടെ ഇന്നലെ (മാര്‍ച്ച് 23) രണ്ട് ആനകൾ ഇടഞ്ഞിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു. ആനകൾ ഇടഞ്ഞത് തറയ്ക്കൽ പൂരത്തിനിടെ ആയിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങ് നടക്കുന്നതിനിടെ ഒരാന തൊട്ടടുത്തുള്ള ആനയെ കുത്തിയതോടെ തുടര്‍ന്ന് ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്ത് രണ്ട് ആനകളും മുളങ്ങ് ഭാഗത്തേക്ക് ഓടുകയായിരുന്നു. ആനകള്‍ ഇടയുന്നത് കണ്ട് പൂരം കാണാനെത്തിയ ആളുകളില്‍ പലരും ചിതറിയോടിയതോടെ നിലത്ത് വീണ് പലര്‍ക്കും പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന എലിഫന്‍റ് സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് ആനകളെ തളച്ചു. ചേര്‍പ്പ് പൊലീസും ഇരിങ്ങാലക്കുട പൊലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.