കണ്ണൂര്‍ : ആറളം ഫാമില്‍ ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യം നിര്‍വഹിക്കുന്ന വനം വാച്ചര്‍മാര്‍ ഇന്ന് (ഓഗസ്റ്റ് 28) മുതല്‍ കാട്ടാനകളെ തുരത്തില്ല. ഏഴ് മാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് വാച്ചര്‍മാര്‍ പണിമുടക്കുന്നത്. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും മനുഷ്യര്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന കാട്ടാനകളെ കഴിഞ്ഞ മാര്‍ച്ച് മാസം മുതലാണ് തുരത്താന്‍ ആരംഭിച്ചത്.
ഇതുവരെയായി 77 കാട്ടാനകളെ വാച്ചര്‍മാര്‍ അടങ്ങുന്ന ദൗത്യസേന എലഫന്‍റ് ഓപ്പറേഷന്‍ ദൗത്യത്തില്‍ പങ്കെടുത്ത് തുരത്തിയിരുന്നു. തുരത്തല്‍ നിര്‍ത്തിയാല്‍ ജനവാസ മേഖലയിലേക്കും ആറളം ഫാമിലും ആനകള്‍ തിരിച്ചെത്തി നാശം വിതക്കും. കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തുന്നതിനിടെ ഒട്ടേറെ അപകടങ്ങളില്‍ നിന്നും കഷ്‌ടിച്ച് രക്ഷപ്പെട്ടവരാണ് വാച്ചര്‍മാരില്‍ ഏറെയും.
രണ്ട് മാസത്തെ ഗഡു ഈ മാസം 22ന് നല്‍കുമെന്ന വ്യവസ്ഥയിലാണ് ഇവര്‍ ജോലി ചെയ്‌തിരുന്നത്. എട്ടാമത് എലഫന്‍റ് ഓപ്പറേഷന്‍ ദൗത്യം പൂര്‍ത്തിയാക്കിയിട്ടും ഇവരുടെ ശമ്പളകാര്യത്തില്‍ തീരുമാനമായില്ല. അതേതുടര്‍ന്നാണ് ഇന്നുമുതല്‍ എലഫന്‍റ് ഓപ്പറേഷന്‍ ദൗത്യത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ വാച്ചര്‍മാര്‍ തീരുമാനിച്ചത്.
ഇന്നലെയും ഇവര്‍ നാല് കാട്ടാനകളെ തുരത്തിയിരുന്നു. ഏഴ് മാസമായി മുടങ്ങിയിരുന്ന ശമ്പളം ലഭിക്കുന്നതിനു വേണ്ടി കേരള ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഡിഎഫ്ഒ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. അടുത്ത ദിവസം തന്നെ രണ്ട് മാസത്തെ ശമ്പളം നല്‍കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
എന്നാല്‍ അന്ന് മുതലുള്ള കാത്തിരിപ്പിന് ഫലം കണ്ടില്ല. ആറളം വന്യജീവി സങ്കേതത്തിലെ 35 വാച്ചര്‍മാര്‍ക്ക് ശമ്പളം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. എംആര്‍എംഎ (മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം) ഹെഡില്‍ നിന്നും തുച്ചമായ തുകയാണ് അലോട്ട് ചെയ്യപ്പെട്ടത്.
ഒരു മാസത്തെ ശമ്പളം നല്‍കാന്‍ പോലും ഈ തുക തികയില്ല. ഇനി ശമ്പളം നല്‍കണമെങ്കില്‍ ഫോറസ്റ്റ് ഡവലപ്‌മെന്‍റ് ഏജന്‍സിയില്‍ നിന്നും വായ്‌പ്പ എടുക്കണം. വാച്ചര്‍മാരുടെ ശമ്പളക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതോടെ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read: മൂന്നാറിൽ പടയപ്പയുടെ 'വിളയാട്ടം'; ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍