കണ്ണൂർ : ആറളം ആനമതില്‍ (Aralam elephant wall) നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ മന്ത്രി കെ.രാധാകൃഷ്‌ണനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വന്യജീവി സങ്കേതത്തില്‍ നിന്നും എത്തിച്ചേരുന്ന വന്യമൃഗങ്ങളുടെ ശല്യം തടയാനാണ് മതില്‍ നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കാനാണ് നേരത്തെ ഉദ്ദേശിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ വരുന്ന ജൂണ്‍ 15നകം പരമാവധി പണി പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു (k radhakrishnan about Aralam elephant wall).
കഴിഞ്ഞ സെപ്‌റ്റംബര്‍ 30നാണ് ആനമതില്‍ നിര്‍മ്മാണം തുടങ്ങിയത്. വളയംചാല്‍ പരിസരത്തുനിന്നും ആരംഭിച്ച് പരിപ്പുതോട് 55 വരെ 10.5 കിമീ നീളത്തിലാണ് മതില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ആദ്യ റീച്ചിലെ പരിപ്പുതോട് മുതല്‍ പൊട്ടിച്ചിറപ്പാറ വരെ 2.5 കി.മീ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുകയാണ്.
10.5 കി.മീറ്ററില്‍ കോണ്‍ക്രീറ്റ് തൂണുകളും കരിങ്കല്‍ ഭിത്തിയും ബെല്‍റ്റും ഉല്‍പ്പടെയുള്ള നിര്‍മ്മിതിയാണ് നടക്കുന്നത്. ശേഷിക്കുന്ന 550 മീറ്റര്‍ ചരിഞ്ഞ പ്രദേശമാണ്. ഇവിടെ 200 മീറ്റര്‍ കോക്കനട്ട് പൈലിങ് നടത്തി മതില്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ആനകളെ കാട്ടിലേക്ക് തുരത്താന്‍ കോട്ടപ്പുറം ഭാഗത്ത് ഇരുമ്പുഗേറ്റും നിര്‍മ്മിക്കും.
നിലവില്‍ ഒരു ടീമാണ് പ്രവൃത്തി നടത്തുന്നത്. ഒരു ടീമിനെക്കൂടി ഉള്‍പ്പെടുത്തി ആനമതില്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിക്കൊപ്പം സണ്ണി ജോസഫ് എംഎല്‍എ, സബ് കലക്‌ടര്‍ സന്ദീപ് കുമാര്‍, പട്ടിക വര്‍ഗ്ഗ വകുപ്പ് ജോയിന്‍റ് ഡയറക്‌ടര്‍ കൃഷ്‌ണപ്രകാശ്, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രദീപ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.