ഇടുക്കി: കാന്തല്ലൂരിൽ ഇത് ആപ്പിൾ വിളവെടുപ്പ് കാലം. സംസ്ഥാനത്ത് വ്യവസായികാടിസ്ഥാനത്തിൽ ആപ്പിൾ വിളയുന്ന ഒരേ ഒരിടമാണ് കാന്തല്ലൂർ. മറയൂർ മലനിരകളിലെ തണുത്ത കാലാവസ്ഥയും ഫലപുഷ്‌ടമായ മണ്ണും ആപ്പിൾ കൃഷിക്ക് അനുയോജ്യമാണെന്ന് 15 വർഷം മുമ്പാണ് തിരിച്ചറിഞ്ഞത്.
ദിനംപ്രതി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. കാർഷിക വിശേഷങ്ങൾ തേടിയെത്തുന്നവർക്ക് ഏറ്റവും പ്രൗഢമായ കാഴ്‌ച സമ്മാനിക്കുകയാണ് കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങൾ. കേരളത്തിലെ മറ്റൊരു കാർഷിക ഗ്രാമത്തിനും അവകാശപ്പെടാൻ സാധിക്കാത്ത വിധമുള്ള കാർഷിക പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്.
അധികം മഞ്ഞു വേണ്ടാത്ത എച്ച്‌ആർഎംഎൻ 90, ട്രോപിക്കൽ ബ്യൂട്ടി, ട്രോപിക്കൽ റെഡ് ഡിലീഷ്യസ് എന്നീ വ്യത്യസ്‌ത ഇനം ആപ്പിളുകളാണ് കാന്തല്ലൂരിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. ജൈവ വളം മാത്രമാണ് കൃഷിക്കായി കർഷകർ ഉപയോഗിക്കുന്നത്. ഒരു മരത്തിൽ നിന്ന് 30 കിലോയോളം ആപ്പിൾ ലഭിക്കുമെന്നാണ് കർഷകർ പറയുന്നു. ഓഗസ്‌റ്റ് അവസാനത്തോടെ വിളവെടുപ്പ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
അതേസമയം കാന്തല്ലൂരിലെ ആപ്പിള്‍ കൃഷി ഫാം ടൂറിസത്തിന്‍റെ ഭാഗം കൂടിയാണ്. കാന്തല്ലൂരിന് പുറമെ പുത്തൂർ, പെരുമല, ഗുഹനാഥപുരം തുടങ്ങിയ ഇടങ്ങളിലായി അമ്പതിലധികം കര്‍ഷകരാണ് നൂറേക്കറോളം സ്ഥലത്ത് ആപ്പിൾ കൃഷി ചെയ്യുന്നത്. ഇത്തവണ കടുത്ത ചൂട് കൃഷിയെ ബാധിച്ചിരുന്നു. എന്നാൽ കാന്തല്ലൂരിലെ ജൈവ ആപ്പിളുകൾ രുചിയിലും ഗുണത്തിലും ഒന്നാമത് തന്നെയാണ്.