എറണാകുളം : കോതമംഗലത്തെ യുവ കർഷകനോട് അക്രമികളുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത. ആസാം ചുരക്ക വിജയകരമായി കൃഷി ചെയ്‌ത് ശ്രദ്ധേയനായ പല്ലാരിമംഗലം സ്വദേശി അജ്‌മൽ ഷാജഹാൻ്റെ കൃഷിയിടം പാതിരാത്രി സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഇഷ്‌ട വിഭവമായ ഭീമൻ ആസാം ചുരക്ക, പല്ലാരിമംഗലം സ്വദേശി അജ്‌മൽ ഷാജഹാൻ അരയേക്കറോളം വരുന്ന പാട്ട ഭൂമിയിലായിരുന്നു കൃഷി ചെയ്‌തത്.
നാല് മാസം പ്രായമായ ചെടികളുടെ വള്ളികൾ അറുത്ത് മാറ്റിയ നിലയിലായിരുന്നു. ഒരു തവണ വിളവെടുപ്പ് കഴിഞ്ഞിരുന്നു. ആറ് മാസത്തോളം തുടർച്ചയായി വീണ്ടും വിളവെടുക്കാമായിരുന്ന കൃഷിയാണ് പൂർണ്ണമായും വെട്ടിനശിപ്പിച്ചത്. ആസാമിൽ നിന്ന് വിത്തുകൾ എത്തിച്ചാണ് അജ്‌മൽ കൃഷി ആരംഭിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് വിവിധയിടങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചിരുന്നു.നല്ല ലാഭം പ്രതീക്ഷിച്ച് പണം കടമെടുത്ത് ചെയ്‌ത കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ യുവ കർഷകൻ.
കേരളത്തിന് പുറത്തു നിന്ന് ജോലി തേടിയെത്തിയ തൊഴിലാളികളുടെ ഇഷ്ട്ടപെട്ട പചക്കറിയിനമാണ് ആസാം ചുരക്ക. അജ്‌മലിൻ്റെ സുഹൃത്തായ ആസാം സ്വദേശി ഉമർ അലിയാണ് ആസാം ചുരക്കയെപ്പറ്റി പറഞ്ഞതും ആസാമിൽ നിന്ന് വിത്തുകൾ എത്തിച്ച് നൽകിയതും. ഒന്നാമത്തെ വിടവെടുപ്പിൽ പ്രതീക്ഷിച്ച വിളവ് ലഭിച്ചു. തുടർന്നുള്ള വിളവെടുപ്പിലും നല്ല ലാഭം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതെല്ലാം തകിടം മറിച്ചാണ് കൃഷിയിടം ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കപ്പെട്ടത്.
തനിക്ക് ശത്രുക്കളില്ലന്നും ആരാണ് ഇതിന് പിന്നിലെന്നോ, എന്തിനാണ് തന്നോട് ഇങ്ങനെ ചെയ്‌തതെന്നോ അജ്‌മലിന് അറിയില്ല. ഒറ്റ രാത്രി കൊണ്ട് തൻ്റെ സ്വപ്നങ്ങൾ എല്ലാം തകർത്തെറിയപ്പെട്ടതിൻ്റെ വിഷമത്തിലാണ് ഈ യുവ കര്‍ഷകന്‍.
പോത്താനിക്കാട് പൊലീസിൽ അജ്‌മല്‍ പരാതി നൽകി കാത്തിരിക്കുകയാണ്. തനിക്ക് നീതി ലഭിക്കുമെന്നാണ് സാധാരണക്കാരനായ ഈ കർഷകൻ പ്രതീക്ഷിക്കുന്നത്.
പരാതി നൽകിയെങ്കിലും പൊലീസിൻ്റെ ഭാഗത്തുനിന്നും ഗൗരവത്തോടെയുള്ള ഇടപെടൽ ഉണ്ടായിട്ടില്ലന്നാണ് അജ്‌മല്‍ പറയുന്നത്. ജീവിത പ്രാരബ്‌ധത്തിൽ നിന്നും രക്ഷപ്പെടാൻ, ഉള്ളതെല്ലാം സ്വരുക്കൂട്ടി കൃഷിയാരംഭിക്കുമ്പോൾ അജ്‌മലിന് വലിയ പ്രതീക്ഷയായിരുന്നു. പകലന്തിയോളം അധ്വാനിച്ചതിൻ്റെ ഫലം ലഭിക്കാനിരിക്കെയാണ് പ്രതീക്ഷകളെല്ലാം ഒറ്റ രാത്രി കൊണ്ട് പിഴുതെറിയപ്പെട്ടത്. കുടുംബത്തിൻ്റെ ഏക വരുമാന മർഗമാണ് ഇല്ലാതായതെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും അജ്‌മലിൻ്റെ പിതാവ് ഷാജഹാനും ആവശ്യപ്പെട്ടു.
Also Read : തലയോലപ്പറമ്പിൽ മണ്ണെണ ഒഴിച്ച് തീകൊളുത്തിയ ബാങ്ക് മാനേജറായ യുവതി മരിച്ചു: സംഭവം കുടുംബ വഴക്കിനെ തുടർന്ന്