കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിവിരുദ്ധ പ്രവർത്തകനായ വ്യാപാരിയെ ആക്രമിച്ച കേസിൽ രണ്ടു പേർ പൊലീസ് പിടിയിൽ. അമ്പലമുക്ക് മയക്കുമരുന്ന് കേസിലെ പ്രതികളായ പൂച്ച ഫിറോസ്, ഫസൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ലഹരിവിരുദ്ധ പ്രവർത്തകനായ വ്യാപാരി പുവ്വോട്ടിൽ നവാസിനെ പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചത്.
അമ്പലമുക്ക് ലഹരി മാഫിയാ ആക്രമണ കേസിലെ പ്രതികൾ ഒന്നിച്ച് കഴിഞ്ഞ വ്യാഴാഴ്‌ച പ്രധാന പ്രതി അയ്യൂബിന്‍റെ സഹോദരൻ അഷറഫിന്‍റെ മകളുടെ വിവാഹത്തിനെത്തിയിരുന്നു. കുടുക്കിലുമ്മാരത്തെ വിവാഹ വീട്ടിൽ വെച്ച് ലഹരിവിരുദ്ധ പ്രവർത്തകരും ഇവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഒരു സംഘം കുടുക്കിലുമ്മാരത്തെ വ്യാപാരിയായ പുവ്വോട്ടിൽ നവാസിനെ കടയിൽ വെച്ച് വെട്ടിയത്. രണ്ട് വീടുകൾ ആക്രമിക്കുകയും ചെയ്‌തു.
താമരശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡാണ് പൂച്ച ഫിറോസിയെും അലപ്പടിമ്മൽ ഫസലിനെയും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്‌തു വരികയാണ്. മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസിന്‍റെ ശ്രമം. മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Also Read: കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട, 18 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി