തിരുവനന്തപുരം: കർണാടക ശിവമോഗ മൃഗശാലയിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തി. അനിമൽ എക്സ്ചേഞ്ച് പ്രോഗ്രാം വഴിയാണ് മൂന്ന് കഴുതപ്പുലികൾ, രണ്ട് കുറുനരികൾ, രണ്ട് മാർഷ് മുതലകൾ, രണ്ട് മരപ്പട്ടികൾ എന്നിവയെ ഇന്ന് (നവംബർ 13) രാവിലെ 12 മണിയോടെ പ്രത്യേകം വാഹനത്തിൽ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.
പകരം നാല് റിയ പക്ഷികൾ, ആറ് സൺ കോണ്വർ തത്തകൾ, രണ്ട് മീൻ മുതലകൾ, ഒരു കഴുതപ്പുലി, നാല് മുള്ളൻ പന്നി എന്നിവയെ തിരുവനന്തപുരം മൃഗശാലയിൽ നിന്നും കർണാടക ശിവമോഗ മൃഗശാലയിലേക്ക് കൊണ്ടു പോകും. 21 ദിവസത്തെ ക്വാറന്‍റൈനിന് ശേഷമാകും മൃഗങ്ങളെ കൂടുകളിലേക്ക് കാഴ്‌ചക്കാർക്കായി മാറ്റുക.
എത്തിയ എല്ലാ അതിഥികളുടെയും ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്ന് മൃഗശാലയിലെ ക്യുറേറ്റർ സംഗീത അറിയിച്ചു. "ലാർജ് സൂ" ഗണത്തിൽപ്പെടുന്ന തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികൾ കൂടി എത്തുന്നതോടെ ജീവി വൈവിധ്യം 94 ഇനമായി വർധിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചെന്നൈയിൽ നിന്നും കൂടുതൽ അതിഥികൾ ചെന്നൈ വണ്ടല്ലൂർ സൂവിൽ നിന്നും അനിമൽ എക്സ്ചേഞ്ച് പ്രോഗ്രാംവഴി കൂടുതൽ ഇനം മൃഗങ്ങളെ എത്തിക്കുമെന്നു വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു. എക്സ്ചേഞ്ച് നടപടിക്രമങ്ങൾ ഏറെ കുറെ പൂർത്തിയായി.
സിംഹം, രണ്ട് ചെന്നായ്ക്കൾ, രണ്ട് വെള്ള മയിലുകൾ, ആറ് മഞ്ഞ അനാക്കോണ്ടകൾ എന്നിവയാകും ചെന്നൈയിൽ നിന്നെത്തുക. ഇതിന് പുറമെ ജിറാഫ്, സീബ്ര എന്നിവയെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനുള്ള നടപടികളും ആരംഭിച്ചതായി ഡയറക്‌ടർ മഞ്ജുളാ ദേവി അറിയിച്ചു.
Also Read: മൃഗശാല ജീവനക്കാരുടെ ഉറക്കംകെടുത്തുന്ന 'വില്ലന്‍'; ഹനുമാന്‍ കുരങ്ങുകളെക്കുറിച്ച് അറിയാം...