കണ്ണൂർ: തളിപ്പറമ്പ പട്ടുവം റോഡിലൂടെ ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പുളിമ്പറമ്പിൽ എത്തിയത്. അധികം തിരക്കില്ലാത്ത ഒരു ഗ്രാമം. ഓരോ റോഡുകളെയും നമ്പർ ഇട്ട് സ്ട്രീറ്റുകൾ ആയി തിരിച്ചിട്ടുണ്ട്.
കയ്യിൽ എണ്ണിത്തീർക്കാൻ പറ്റുന്നത്ര വീടുകൾ. രണ്ട് ഭാഗത്തും പുല്ലുപാകി വെട്ടി മിനുക്കിയ റോഡുകൾ. അതാണ് സ്ട്രീറ്റ് നമ്പർ ആറിന്‍റെ പ്രത്യേകത.
അത് വഴി ചെറിയൊരു കയറ്റം കയറിയാൽ കണ്ണൂർ റൂറൽ ഹെർഡ് ക്വാട്ടേഴ്‌സിൽ ജോലി ചെയ്യുന്ന അനിൽ കൃഷ്‌ണദാസ് എന്ന 40 വയസുകാരന്‍റെ മാടത്തിൽ ഹൗസിൽ എത്താം.
ഇരുനില വീട്, ചുമരുകൾ ഒക്കെയും ചെടികൾ കൊണ്ട് അലങ്കരിച്ച് സുന്ദരമാക്കിയിരിക്കുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന് എന്താണ് ഇത്രയും പ്രത്യേകത എന്ന അന്വേഷണത്തിനൊടുവിലാണ് പത്തുവർഷമായി കേരള പൊലീസിൽ ജോലി ചെയ്യുന്ന അനിൽ കൃഷ്‌ണദാസിന്‍റെ കൂടുതൽ വിവരങ്ങൾ അറിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഭാര്യ ഹർഷയും മക്കളായ അശ്വിക്കും, അഷ്‌മികയും ഉൾപ്പെടുന്ന കുടുംബം. മികച്ച ഒരു കലാകാരൻ. ഏറെ സമ്മർദങ്ങൾ അലട്ടുന്ന ജോലിക്കിടയിൽ കണ്ടെത്തുന്ന സമയയമാണ് കലയുടെയും അലങ്കാരത്തിന്‍റെയും പിറവി.
പാഴ്വസ്‌തുക്കളിൽ നിന്ന് വിരിയിച്ചെടുത്ത വസ്‌തുക്കളാണ് വീടിന്‍റെ സൗന്ദര്യം മുഴുവൻ. ചിരട്ട, പഴയ ന്യൂസ് പേപ്പർ, ഒഴിഞ്ഞ മദ്യ കുപ്പികൾ മരം എന്ന് വേണ്ട എല്ലാ പാഴ് വസ്‌തുക്കളും അനിൽ സ്വീകരണ മുറിയിലെ കണ്ണം ചിപ്പിക്കുന്ന കാഴ്‌ചകൾ ആക്കുന്നു.
ഇത്രയും ക്ഷമയും സമയവും എവിടുന്ന് കിട്ടുന്നുവെന്ന ചോദ്യത്തിന് അനിൽ പറഞ്ഞതിങ്ങനെ 'എന്‍റെ സമ്മർദങ്ങൾ കുറക്കാൻ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത് ഇതാണ്. രാത്രി 10 മണി മുതൽ ഞാൻ ഇതിൽ മുഴുകും പിന്നെ ഓഫ് ടൈമിലും'.
ചിരട്ടയിൽ വിരിഞ്ഞ കാറും സ്‌കൂട്ടറും ആമയും കൊക്കുമൊക്കെ ചുമരുകൾ സുന്ദരമാക്കുമ്പോൾ നെറ്റി പട്ടങ്ങൾ കല സൃഷ്‌ടികളിലെ മറ്റൊരു കൗതുകം ആണ്. വീട്ടുമുറ്റത്തെ റോഡുകൾ പോലും സുന്ദരമായി സംരക്ഷിക്കുന്നത് അനിലിന്‍റെ മനസിൽ വിരിഞ്ഞോരാശയമാണത്രേ.
കഴിഞ്ഞില്ല 130 രാജ്യങ്ങളുടെ നാണയങ്ങളും 100 ഓളം രാജ്യങ്ങളുടെ നോട്ടുകളും ഈ കാക്കി കുപ്പായക്കാരന്‍റെ വീട്ടിൽ ഉണ്ട്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്തെ നാണയങ്ങൾ ഉൾപ്പടെ ആർട്ട് ഗാലറിയായി വെക്കുന്നത് ആണ് അനിലിന്‍റെ വീട്.