ചെന്നൈ: തമിഴ്‌നാട് കേഡറിലെ യുവ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം പൂജപ്പുര മുടവന്‍ മുഗള്‍ സ്വദേശിയുമായ ഡോ. അനീഷ് ശേഖര്‍ ഐഎഎസ് ഉപേക്ഷിച്ചു. മധുര മുന്‍ ജില്ലാ കലക്‌ടറാണ്. നിലവില്‍ തമിഴ്‌നാട് ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ എംഡിയായ അനീഷ്, താന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഐഎഎസില്‍ നിന്ന് രാജി വെയ്ക്കുന്നതായി ചൂണ്ടിക്കാട്ടി തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണക്ക് കത്തു നല്‍കി. അനീഷിന്‍റെ രാജി സ്വീകരിച്ചതായി ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള എംബിബിഎസ് ബിരുദധാരി കൂടിയായ അനീഷ് ഐഎഎസ് ഉപേക്ഷിച്ച് വീണ്ടും ഡോക്‌ടറായി കേരളത്തിലേക്കു വരുന്നു എന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചതെങ്കിലും അദ്ദേഹം കേന്ദ്രം ഭരിക്കുന്ന ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 38 കാരനായ അനീഷ് ശേഖര്‍ 2011 ലാണ് തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായി സര്‍വ്വീസില്‍ പ്രവേശിച്ചത്. മധുര സബ് കലക്‌ടര്‍, മധുര കോര്‍പ്പറേഷന്‍ സെക്രട്ടറി, മധുര ജില്ലാ കലക്‌ടര്‍, വ്യവസായ വികസന കോര്‍പ്പറേഷന്‍ എംഡി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ സമീപ കാലത്ത് ഐഎഎസ് ഉപക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന അഞ്ചാമത്തെ വ്യക്തിയാണ് ഡോ. അനീഷ്. യു സഗയം, ജഗ്മോഹന്‍ സിംഗ് രാജു, സന്തോഷ് ബാബു, ശംഭു കല്ലോലിക്കര്‍ എന്നിവരാണ് അനീഷിനു മുന്നേ ഐഎഎസ് ഉപേക്ഷിച്ചത്. 2020 ല്‍ രാജിവെച്ച സഗയം വിടികെ എന്ന തമിഴ് പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്ന് 2021 ല്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പഞ്ചാബ് സ്വദേശിയും തമിഴ്‌നാട്ടില്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ജഗ്മോഹന്‍ സിംഗ് രാജു 2020 ല്‍ ഐഎഎസ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.
2022 ല്‍ അമൃത്‌സറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ദേശീയ ന്യൂന പക്ഷ കമ്മിഷനില്‍ ഉപദേഷ്‌ടാവായി നിയമിച്ചു. 2020 ല്‍ തമിഴ്‌നാട് കേഡര്‍ ഐഎഎസില്‍ നിന്ന് സ്വയം വിരമിച്ച സന്തോഷ് ബാബു കമല്‍ഹസന്‍ രൂപീകരിച്ച മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.
ഇതിനു പിന്നാലെ അദ്ദേഹം കമലാഹസന്‍റെ പാര്‍ട്ടിയോടു വിടപറഞ്ഞു. മറ്റൊരു തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശംഭു കല്ലോലിക്കര്‍ 2021 ല്‍ ഐഎഎസ് ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം റായ്ബാഗില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയോടു പരാജയപ്പെട്ടു.