കോഴിക്കോട് : അമീബിക് മസ്‌തിഷ്‌ക ജ്വരം വ്യാപകമാകുന്നതിൽ കടുത്ത ആശങ്ക. പയ്യോളിയിൽ രണ്ട് വിദ്യാർഥികളിൽ രോഗലക്ഷണം. ഇതോടെ പയ്യോളി, തിക്കോടി മേഖലകളിൽ ജാഗ്രത നിർദേശം നൽകി.
കുട്ടികൾ രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവർ കുളിച്ച പയ്യോളി പള്ളിക്കരയിലെ കാട്ടുംകുളം അടച്ചു. തിക്കോടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പരിസരത്തെ കുളങ്ങളിലെ വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
ഇതുവരെ രോഗം ബാധിച്ച് രണ്ട് കുട്ടികളാണ് മരിച്ചത്. ആകെ അഞ്ച് പേർക്കാണ് രോഗം പിടിപെട്ടത്. നിലവിൽ രണ്ട് കുട്ടികൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലും രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.
അമീബിക് മസ്‌തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗരേഖ പുറത്തിറക്കും. നിലവിലെ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെയും ധരിപ്പിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും പരമാവധി ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്‌തതാണെന്ന് ഉറപ്പാക്കണം.
മൂക്കിനെയും മസ്‌തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ ചെവിയുടെ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടന്ന് മെനിഞ്ചോ എൻസഫലൈറ്റിസിസ് ഉണ്ടാക്കുന്നത്. ചെവിയിൽ പഴുപ്പുള്ള കുട്ടികൾ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാൻ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.