എറണാകുളം : പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീർ ഉല്‍ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്‍റെ അപേക്ഷയില്‍ തിങ്കളാഴ്‌ച ഹൈക്കോടതി വിധി പറയും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീർ ഉല്‍ ഇസ്ലാം നൽകിയ അപ്പീലിലും ഹൈക്കോടതി തിങ്കളാഴ്‌ച ഉച്ചയ്ക്ക് 1.45 ന് വിധി പറയും. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, എസ് മനു അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്‌താവം നടത്തുക.
അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്നാണ് സർക്കാരിന്‍റെ വാദം. അതേ സമയം, ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നു എന്നാണ് പ്രതിഭാഗം വാദിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീർ ഉല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്.
നിയമ പ്രകാരം ഈ വധശിക്ഷ ഹൈക്കോടതി ശരിവയ്‌ക്കേണ്ടതാണ്. അതിനായുള്ള സർക്കാരിന്‍റെ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വരാനിരിക്കുന്നത്. പ്രതിയുടെ അപ്പീലിലും സർക്കാരിന്‍റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായി വാദം കേട്ടിരുന്നു.
2016 ഏപ്രില്‍ 28 നായിരുന്നു നിയമ വിദ്യാര്‍ഥിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ വച്ച് അമീര്‍ ഉല്‍ ഇസ്ലാം അതിക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയത്. കൊല നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറയാന്‍ പോകുന്നത്.