തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകാനുള്ള പ്രത്യേക കൗൺസിൽ യോഗത്തിൽ ഭരണ, പ്രതിപക്ഷ ബഹളം. മരിച്ച ജോയിക്ക് വീട് വച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് തർക്കം രൂക്ഷമായത്.
ജോയിയുടെ മരണത്തിന് കാരണമായ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നം ഭരണകക്ഷി റെയിൽവേക്കെതിരെയും പ്രധാന പ്രതിപക്ഷമായ ബിജെപി നഗരസഭയ്‌ക്കെതിരെയും ആയുധമാക്കി. ഇതോടെയാണ് ബഹളം തുടങ്ങിയത്.
ജോയിക്ക് നഷ്‌ടപരിഹാരം നൽകാൻ റെയിൽവേയോട് ആവശ്യപ്പെടാൻ കൗൺസിലിൽ എൽഡിഎഫ് ആവശ്യം ഉന്നയിച്ചു. പിന്നാലെ ജോയിയുടെ ബന്ധുക്കൾക്ക് നഗരസഭ ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആശ്രിതർക്ക് ജോലി നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ബാനറുകളും ഫ്ലെക്‌സും ഉയർത്തി ബിജെപി കൗൺസിലർമാർ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. കൗൺസിൽ യോഗം തീരുന്നത് വരെ ബിജെപി കൗൺസിലർമാർ പ്രതിഷേധം തുടർന്നു.
എന്നാൽ ജോയിക്ക് വീട് വച്ച് നൽകാനുള്ള അജണ്ട എല്ലാവരും ഏകകണ്‌ഠമായി അംഗീകരിച്ചു. മാലിന്യ പ്രശ്‌നം പരിഹരിക്കാത്ത മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.