തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കണമെന്ന് സതേണ്‍ റെയില്‍വേയോടും ഇറിഗേഷന്‍ വകുപ്പിനോടും തിരുവനന്തപുരം നഗരസഭ രണ്ട് തവണ ആവശ്യപ്പെട്ടതിന്‍റെ രേഖകള്‍ പുറത്ത്. കാലവര്‍ഷത്തിന് മുന്‍പ് തോട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടിസിന്‍റെ ചിത്രമാണ് പുറത്ത് വന്നത്. 2024 മെയ് ഏഴിനും 17-നും മേജര്‍ ഇറിഷേന്‍ വകുപ്പിന്‍റെ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും സതേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കും കത്ത് നല്‍കിയിരുന്നു.
മൂവരുടെയും ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധനയില്‍ റെയില്‍വേ സ്റ്റേഷനിരിക്കുന്നിടത്തെ ഭൂമിക്കടിയിലൂടെ കടന്ന് പോകുന്ന ആമയിഴഞ്ചാന്‍ തോടിന്‍റെ ഭാഗത്ത് മാലിന്യം നീക്കാന്‍ നടപടികള്‍ ആരംഭിക്കാനും ഇതിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നഗരസഭ രണ്ട് തവണ നല്‍കിയ നോട്ടിസിലും ആവശ്യപ്പെടുന്നുണ്ട്.
മെയ് 07ന് അയച്ച കത്തിന് മറുപടി ലഭിക്കാതായതോടെ മെയ് 17ന് വീണ്ടും കത്തയക്കുകയായിരുന്നു. തിരുവനന്തപുരം നഗരസഭ സെക്രട്ടറിയാണ് കത്ത് നല്‍കിയത്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് പഴവങ്ങാടി തോടിന്‍റെ സുഗമമായ ഒഴുക്ക് ഉറപ്പ് വരുത്താന്‍ റെയില്‍വേ ടണലിലെ തടസങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജും ഉത്തരവിട്ടിരുന്നു.
എന്നാല്‍, ഇത്തരത്തില്‍ ഒരു നോട്ടിസ് ലഭിച്ചിട്ടേയില്ലെന്നായിരുന്നു റെയില്‍വേ അഡീഷണല്‍ റീജിയണല്‍ മാനേജര്‍ എം ആര്‍ വിജിയുടെ പ്രതികരണം. തോട് വൃത്തിയാക്കലിന്‍റെ ഉത്തരവാദിത്വത്തെ ചൊല്ലി നഗരസഭയും ഇറിഗേഷനും റെയില്‍വേയും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയായിരുന്നു റെയില്‍വേ അഡീഷണല്‍ റീജിയണല്‍ മാനേജറുടെ പ്രതികരണം.
Also Read : ആമയിഴഞ്ചാൻ അപകടം: 'അവര്‍ യഥാര്‍ഥ നായകരാണ്'; ഫയര്‍ ഫോഴ്‌സ് ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ്