തിരുവനന്തപുരം: അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം തുറമുഖം തിരുവനന്തപുരം നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന തന്ത്രപ്രധാനമായ ഒരു സമുദ്ര സംരംഭമാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മയേഴ്‌സ്‌കിന്‍റെ സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പ് കഴിഞ്ഞ ദിവസമാണ് ഇവിടെ നങ്കൂരമിട്ടത്. തുറമുഖത്ത് ആദ്യമെത്തിയ മദര്‍ഷിപ്പിന് ഇന്ന് ഔദ്യോഗികമായി വന്‍ സ്വീകരണം നല്‍കി. വരും മാസങ്ങളില്‍ തുറമുഖം പൂര്‍ണ പ്രവര്‍ത്തന ക്ഷമമാകും.
വിഴിഞ്ഞം തുറമുഖം; ചില വസ്‌തുതകള്‍
- പൗരാണിക കാലം മുതല്‍ തന്നെ തിരുവിതാംകൂര്‍ സാമ്രാജ്യത്തിലെ വളരെ പ്രാധാന്യമുള്ള തുറമുഖമായിരുന്നു വിഴിഞ്ഞം. കേരളത്തെ ആഗോള വാണിജ്യപാതകളുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം തുറമുഖത്തൂടെ വന്‍തോതില്‍ സുഗന്ധ്യവ്യഞ്ജന വ്യാപാരം നടന്ന് പോന്നു.
- തുറമുഖത്തിന്‍റെ സ്ഥാനം കേരളവും വിവിധ സംസ്‌കാരങ്ങളും തമ്മിലുള്ള സാംസ്‌കാരിക-സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഏറെ സഹായകമായി. ഗ്രീക്ക്, റോമന്‍, അറബ്, ചൈനീസ് തുടങ്ങിയ സംസ്‌കാരങ്ങള്‍ ഈ പ്രദേശത്തെ സംസ്‌കാരത്തെയും ഭക്ഷണത്തെയും വാസ്‌തുവിദ്യയെയും വന്‍തോതില്‍ സ്വാധീനിച്ചു.
- കോളനിവത്ക്കരണ കാലത്ത് യൂറോപ്യന്‍ വ്യാപാരികള്‍ക്ക് വിഴിഞ്ഞം ഏറെ നിര്‍ണായകമായ ഒരു തുറമുഖം ആയിരുന്നു. പ്രത്യേകിച്ച് കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ മത്സരിച്ചിരുന്ന പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികള്‍ക്ക് ഇവിടം ഏറെ സഹായകമായി.
- ആധുനിക കാലത്ത് രാജ്യാന്തര കപ്പല്‍പാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കടല്‍ വാണിജ്യത്തിന് ഏറെ ഉപകാരപ്രദമായ തുറമുഖമായി ഇത് മാറി. സമുദ്രയാനങ്ങളുടെ യാത്ര സമയത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ ഈ തുറമുഖത്തിലൂടെ സാധിക്കുന്നു.
- പ്രകൃതിദത്ത ആഴക്കടല്‍ തുറമുഖമായത് കൊണ്ട് തന്നെ വിഴിഞ്ഞത്ത് വന്‍ ചരക്കുകപ്പലുകള്‍ അടുക്കാന്‍ പ്രയാസമില്ല. ഇത് വന്‍ തോതിലുള്ള സമുദ്രവ്യാപാരത്തെ കാര്യക്ഷമമായി സഹായിക്കും.
- വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ വികസനം കേരളത്തിന് വലിയ സാമ്പത്തിക കുതിപ്പ് സമ്മാനിക്കുമെന്നാണ് വിലയിരുത്തുന്നത്. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടും. വാണിജ്യം മെച്ചപ്പെടും. ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടും.
- വിഴിഞ്ഞത്തിന് വേണ്ട സംവിധാനങ്ങളൊരുക്കാനുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ആധുനിക കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍, വെയര്‍ഹൗസുകള്‍, ലോജിസ്റ്റിക് പാര്‍ക്കുകള്‍ അടക്കം കേരളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവരും
- മേഖലയിലെ വ്യാപാരത്തില്‍ തുറമുഖം സുപ്രധാനമാകും. ദക്ഷിണപൂര്‍വ ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളിലെ വ്യാപാരത്തിന്‍റെ കവാടമായി വിഴിഞ്ഞം മാറും.
- വാണിജ്യ പ്രാധാന്യത്തിനപ്പുറം വിഴിഞ്ഞത്തിന്‍റെ മനോഹാരിത വിനോദസഞ്ചാര മേഖലയ്ക്കും മുതല്‍ക്കൂട്ടാകും. തൊട്ടടുത്തുള്ള കോവളം കടല്‍ത്തീരം സംസ്ഥാനത്തെ പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
- തന്ത്രപരമായ സ്ഥാനവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും വിഴിഞ്ഞം തുറമുഖത്തിന് വലിയ തോതില്‍ വ്യാപാരം നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ നല്‍കുന്നു. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും.
Also Read: വിഴിഞ്ഞത്തെ ആദ്യ കപ്പൽ; സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് മുഖ്യമന്ത്രി