കണ്ണൂർ: പുതുച്ചേരിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മാഹി നിയമസഭാ മണ്ഡലത്തിലെ മുഴുവൻ പോളിങ്ങ് ബൂത്തുകളും നിയന്ത്രിക്കുന്നത് വനിതകൾ. വനിതകളെ മാത്രം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച് വിപ്ലവം സൃഷ്‌ടിക്കാൻ പോകുകയാണെന്ന് മാഹി റീജിയണൽ അഡ്‌മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ അറിയിച്ചു. ഏപ്രിൽ 19നാണ് മാഹി ഉൾപ്പെട്ട പുതുച്ചേരി ലോകസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ഓരോ ബൂത്തിലും പ്രിസൈഡിങ്ങ് ഓഫിസർ, മൂന്നു വീതം പോളിങ്ങ് ഓഫിസർമാർ, എംടിഎസ്, ഒരു വനിത പൊലീസ് എന്നിവർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ മുഴുവൻ തസ്‌തികകളിലും ഇത്തവണ സ്ത്രീകളാണ്. മാഹിയിലെ മുപ്പത്തിയൊന്ന് ബൂത്തുകളിലും ഇത്തവണ വനിതകൾ ജനാധിപത്യ വിധിയെഴുത്തിന് നേതൃത്വം നൽകും.
മുപ്പത് സിഐഎസ്എഫ്, അറുപത് വനിതാ പൊലീസ് എന്നിവർ ഉൾപ്പെട്ട സംഘം പുതുച്ചേരിയിൽ നിന്നും മാഹിയിലെത്തും. മാഹിയിലെ 31,038 വോട്ടർമാരിൽ ഭൂരിഭാഗവും വനിതകളാണ്. മണ്ഡലത്തിൽ പുരുഷന്മാരേക്കാൾ 2,312 വനിതകൾ കൂടുതലുണ്ട്.
അതുകൊണ്ടു തന്നെ അത്യപൂർവമായ തെരഞ്ഞെടുപ്പ് രീതിയാണ് മാഹിയിൽ നടക്കാൻ പോകുന്നത്. ജനാധിപത്യ സംവിധാനത്തിന് സ്ത്രീകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനുള്ള തുടക്കമാണ് മാഹിയിൽ നടക്കാൻ പോകുന്നതെന്നും ഡി മോഹൻകുമാർ പറഞ്ഞു.
Also Read: വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മാഹിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം