ഇടുക്കി: തൊടുപുഴ നഗരത്തിന് സമീപവും കരിങ്കുന്നം - മുട്ടം പഞ്ചായത്തുകളിലും ഭീതി വിതയ്ക്കുന്ന പുലിയെ പിടികൂടാനാവാത്തത് ജനജീവിതത്തിന് വെല്ലുവിളിയാകുന്നു. പുലിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് കരിങ്കുന്നത് സർവകക്ഷി യോഗം ചേർന്നു. അധികമായി നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കണമെന്നും ആർ ആർ ടി ടീമിനെ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തൊടുപുഴ നഗരത്തിലും കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലും ഒരു മാസത്തിലേറെയായിട്ടും പുലിയെ പിടികൂടാൻ വനംവകുപ്പിന് സാധിക്കാത്തതാണ് പ്രതിഷേധം ശക്തമാക്കാനുള്ള കാരണം. തൊടുപുഴ നഗരസഭയുടെ കീഴിലുള്ള പാറക്കടവ് ഭാഗത്തും പുലിസാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ വാദം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂട് വച്ചിട്ടും പുലി കൂട്ടിൽ കുടുങ്ങാതെ നാടിനെ വിറപ്പിക്കുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം ചേർന്നത്.
എംപി, എം എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ മുട്ടം, കരിംകുന്നം പഞ്ചായത്ത് പ്രസിഡന്‍റുമാർ, വാർഡ് അംഗങ്ങൾ, വനം വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. അധികമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും പുലിയെ പിടികൂടാൻ ഒരു കൂടും കൂടി സ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പുലിയെ നിരീക്ഷിക്കുവാൻ ആർ ആർ ടി ടീമിനെ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ വനം വകുപ്പ് മന്ത്രിയെ അറിയിച്ചതായും മന്ത്രി ഡി എഫ് ഒ യ്ക്ക് നിർദേശം നൽകിയതായും പി ജെ ജോസഫ് എം എൽ എ അറിയിച്ചു.
തൊടുപുഴ നഗരത്തിൽ ഇറങ്ങിയ പുലിയെ ഉടൻ പിടികൂടണമെന്ന് നഗരസഭ അധ്യക്ഷൻ സനീഷ് ജോർജും ആവശ്യപ്പെട്ടു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഇറങ്ങിയ പുലി ജനജീവിതത്തിന് ഭീഷണി ആയിട്ടുണ്ട്. പ്രദേശത്ത് അടിയന്തിരമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.
പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച ഇല്ലിചാരി മലയിൽ വച്ച കൂട്ടിൽ പുലി കുടുങ്ങാത്തതിനാൽ കഴിഞ്ഞ ദിവസം കൂട് മാറ്റി സ്ഥാപിച്ചിരുന്നു. പകലും രാത്രിയുമൊക്കെ പുലിയെ കണ്ടതായി കുട്ടികൾ അടക്കമുള്ള നാട്ടുകാർ പൊലീസിനെയും വനം വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്. പുലിയെത്തുന്ന നിരവധി ദൃശ്യങ്ങൾ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ഇതിനോടകം പതിഞ്ഞിരുന്നു.