ആലപ്പുഴ: കാട്ടൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂളിനെതിരെ കടുത്ത പ്രതിഷേധം (Alappuzha student suicide). സ്‌കൂൾ അധികൃതരുടെ മാനസികവും ശാരീരകവുമായ പീഡനം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സ്‌കൂൾ കവാടത്തിൽ പൊലീസ് തടഞ്ഞതോടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ അടിയന്തര നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കുട്ടിയുടെ ചിതാഭസ്‌മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച് നടത്തി.
കാട്ടൂർ സ്വദേശി പ്രജിത്തിനെയാണ് (13) കഴിഞ്ഞ വ്യാഴാഴ്‌ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നേ ദിവസം പ്രജിത്ത് സ്‌കൂളിൽ നിന്ന് തിരികെ വീട്ടിലെത്തിയത് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കുറ്റാരോപിതരായ അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും ലോക്കൽ പൊലീസിനും കുട്ടിയുടെ പിതാവ് പരാതി നൽകി.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായും കുടുംബം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.