ആലപ്പുഴ: കളര്‍കോടില്‍ വാഹനാപകടത്തില്‍ മെഡിക്കൽ വിദ്യാർഥികള്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച വിദ്യാർഥിയെ ഒന്നാം പ്രതിയാക്കി പൊലീസ്. അപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസിൽ കാറോടിച്ച, തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശി ഗൗരീശങ്കറിനെയാണ് പൊലീസ് ഒന്നാം പ്രതിയാക്കിയത്.
കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കിയായിരുന്നു ആദ്യം രജിസ്റ്റർ ചെയ്‌ത കേസ്. ഈ എഫ്ഐആർ റദ്ദാക്കിയാണ് പുതിയ റിപ്പോർട്ട് ആലപ്പുഴ സൗത്ത് പൊലീസ് തയാറാക്കിയത്. അന്വേഷണത്തിന്‍റെയും ദൃക്‌സാക്ഷികളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്‌ച പറ്റിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. റിപ്പോർട്ട് കോടതിയിൽ സമര്‍പ്പിച്ചു.
അപകടത്തില്‍പ്പെട്ട വാഹനത്തിന്‍റെ ഉടമ ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ ഖാനെതിരെയും പൊലീസ് നടപടിയെടുക്കും. വാഹനം വാടകയ്‌ക്ക് നല്‍കുന്നതിനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വാടകയായി ആയിരം രൂപ അബ്‌ദുള്‍ ജബ്ബാറിന് ഗൂഗിള്‍ പേ ചെയ്‌തതായി ഗൗരീശങ്കര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്‌ദുള്‍ ജബ്ബാറുമായുള്ള സൗഹൃദത്തിന്‍റെ പുറത്താണ് വാഹനം നല്‍കിയത് എന്നായിരുന്നു വാഹന ഉടമ പൊലീസിന് നല്‍കിയ മൊഴി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തൊട്ടുമുമ്പിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കാർ ഓടിച്ച ഗൗരീശങ്കർ മൊഴി നൽകി. മുൻപിലുണ്ടായിരുന്ന കാറിനെ വലത് വശത്തുകൂടെ മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിർവശത്ത് നിന്ന് കെഎസ്ആർടിസി ബസ് വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണം വിട്ട് വലത് വശത്തേക്ക് തെന്നിമാറിയാണ് ബസിൽ ഇടിച്ചു കയറിയതെന്നും ഗൗരീശങ്കർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം, വാഹനമോടിച്ചിരുന്ന ഗൗരീശങ്കര്‍ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ 3 വിദ്യാര്‍ഥികള്‍ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവരില്‍ എടത്വ സ്വദേശി ആൽവിൻ ജോർജിനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വെന്‍റിലേറ്ററിലായിരുന്ന ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്‌ണദേവ്, കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുകയാണ്.