തിരുവനന്തപുരം : എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ സുഹൈൽ ഷാജഹാൻ്റെ ജാമ്യാപേക്ഷ തള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്താണ് ജാമ്യം നിരസിച്ചത്.
ഗൂഢാലോചന നടത്തിയതും മുഖ്യ സൂത്രധാരനുമാണ് രണ്ടാം പ്രതിയായ സുഹൈൽ. കുറ്റപത്രം നൽകി കഴിഞ്ഞു എന്ന ആനുകൂല്യം ഒളിവിൽ കഴിഞ്ഞ പ്രതിക്ക് നൽകിയാൽ അതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പ്രതി കുറ്റം ചെയ്‌ത ശേഷം ലണ്ടനിലേക്ക് ഒളിവിൽ പോയി. ലുക്ക് ഔട്ട് നോട്ടിസ് പ്രകാരം ഡൽഹി എയർപോർട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്‌തത്. ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ ജാമ്യം നൽകരുതെന്നുമുളള മുകളിൽ പറഞ്ഞ കാര്യങ്ങളാണ് പ്രോസിക്യൂഷൻ വാദിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പ്രതി വാദിച്ചു. പ്രതിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചുവെന്നും കേസിൽ കുറ്റപത്രം സമർപ്പിച്ചു എന്ന് പ്രതിഭാഗം വാദിച്ചു എങ്കിലും കോടതി അംഗീകരിച്ചില്ല. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കുക വഴി സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതിന് ശ്രമിച്ച കേസിലെ പ്രധാനിയണ് സുഹൈൽ എന്നാണ് പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
ജൂൺ 30 ന് രാത്രി 11.25 ന് ആണ് കേസിന് ആസ്‌പദമായ സംഭവം. എകെജി സെൻ്റർ ഭാഗത്തെത്തി ബോംബ് എറിഞ്ഞ് ഭീതി പരത്തി എന്നതാണ് ക്രൈം ബ്രാഞ്ച് കേസ്. കേസിലെ ഒന്നും, മൂന്നും പ്രതികളായ ജിതിൻ, നവ്യ എന്നിവർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.