എറണാകുളം: ആശങ്കകൾക്ക് വിരാമം എയർ ഇന്ത്യാ എക്‌സ്‌പ്രസ് വിമാനം സുരക്ഷിതമായി നെടുമ്പാശേരി എയർ പോർട്ടിൽ അടിയന്തര ലാന്‍ഡിങ് നടത്തി. നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്‌സ്‌പ്രസ് (IX471)വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം പറന്നുയർന്നശേഷം ടയറിന്‍റെ ഭാഗങ്ങൾ റൺവേയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർ പൈലറ്റിനെ വിവരം അറിയിച്ചു.
യാത്രയിൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെങ്കിലും ലാന്‍ഡിങ് സമയത്ത് അപകട സാധ്യതയുള്ളതിനാൽ കൊച്ചിയിൽ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരം അടിയന്തര സാഹചര്യങ്ങൾ നിരവധി തവണ കൈകാര്യം ചെയ്‌ത് പരിചയമുള്ള കൊച്ചിയിൽ വിമാനം തിരിച്ചിറക്കാമെന്ന് പൈലറ്റ് ഉൾപ്പടെ തീരുമാനിക്കുകയായിരുന്നു.
10.45 ഓടെ വിമാനം പറന്നുയർന്ന ശേഷമാണ് ടയറിന്‍റെ ഔട്ടർ ലെയർ ഭാഗങ്ങൾ റൺവേയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊച്ചി എയർപോർട്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാത്രമല്ല അടിയന്തര ലാന്‍ഡിങ് നേരിടുന്നതിനുള സുരക്ഷ സംവിധാനങ്ങൾ ഒരുക്കി. ഫയർഫോഴ്‌സ് ആംബുലൻസ് സംവിധാനങ്ങളും ഒരുക്കി.
ലാന്‍ഡിങ്ങിന് മുന്നോടിയായി ഇന്ധനം തീര്‍ക്കാന്‍ വേണ്ടി വിമാനം ആകാശത്ത് മണിക്കൂറുകളോളം വട്ടമിട്ടു പറന്നു. ഇടിച്ചിറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഉണ്ടാകുന്ന ജ്വലന സാധ്യത ഒഴിവാക്കാന്‍ വേണ്ടിയാണ് ഇന്ധനം തീര്‍ത്തത്. ഇതിനുശേഷം 12:30 ഓടെയാണ് സുരക്ഷിതമായി എയർ ഇന്ത്യാ എക്‌സ്‌പ്രസ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇതോടെ എയർപോർട്ടിലെ അടിയന്തരാവസ്ഥയും പിൻവലിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
105 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരുടെ തുടർന്നുള്ള യാത്ര സംബന്ധിച്ച് വിമാന കമ്പനിയുമായി ആശയ വിനിമയം നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുളള സിയാലിന്‍റെ കഴിവ് പ്രകടമാക്കുന്നത് കൂടിയാണ് ഇന്നത്തെ സുരക്ഷിതമായ അടിയന്തര ലാന്‍ഡിങ്. അതേസമയം പരിചയ സമ്പന്നനായ പൈലറ്റിന്‍റെ പ്രൊഫഷണൽ മികവ് കൂടിയാണ് യാത്രക്കാരുടെ സുരക്ഷയുറപ്പാക്കിയത്.
Also Read: ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാം; അന്താരാഷ്‌ട്ര സര്‍വീസുകളുടെ 'മുഖം മിനുക്കാൻ' എയർ ഇന്ത്യ