കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസില്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കോടതി ഈ മാസം 29ന് വിധി പറയും. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിവച്ചത്. അതേസമയം നിയമപരമായി ജാമ്യം ലഭിക്കാനുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചുവെന്ന് ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.
അഴിമതിക്കെതിരെ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് പിപി ദിവ്യയെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. അഴിമതി സംബന്ധിച്ച് രണ്ട് പരാതികൾ ദിവ്യയ്ക്ക് ലഭിച്ചിരുന്നു. ജില്ലാ കലക്‌ടർ ഈ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്നും ഗംഗാധരൻ കൈക്കൂലി നൽകിയിട്ടില്ലെന്നുമുള്ള വാദങ്ങൾ ദിവ്യക്കെതിരെ ഉയർത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ ഗംഗാധരൻ പറഞ്ഞ പരാതിയിൽ കൈക്കൂലി നൽകിയെന്ന് പറഞ്ഞിരുന്നു, ഇത് സംബന്ധിച്ച തെളിവുകളും അദ്ദേഹം കോടതിക്ക് നൽകി. അതേസമയം ദിവ്യയെ ചടങ്ങിലേക്ക് കലക്‌ടർ അനൗദ്യോഗികമായി ക്ഷണിച്ചിരുന്നു. പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഔദ്യോഗികമായ കത്ത് ദിവ്യക്ക് നൽകിയിരുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അറസ്‌റ്റ് തടയണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻകൂർ ജാമ്യ ഹർജിയാണ് കോടതിയിൽ സമർപ്പിച്ചിരുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെടി നിസാർ അഹമ്മദാണ് കേസിൽ വാദം കേട്ടത്.