ഇടുക്കി : അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുന്നുവെന്ന് പറയുമ്പോഴും നിലവിലെ സാഹചര്യത്തില്‍ രോഗികളെ വല്ലാണ്ട് വലക്കുകയാണ് അടിമാലി താലൂക്ക് ആശുപത്രി. പുതിയ കെട്ടിട നിര്‍മാണത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്ന എക്‌സറേ യൂണിറ്റ് പൊളിച്ചതോടെ രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് എന്നാണ് ആക്ഷേപം.
ജീവനക്കാരുടെ കുറവ് കഴിഞ്ഞ കുറേക്കാലങ്ങളായി ആശുപത്രിയെ സംബന്ധിച്ച് വെല്ലുവിളിയാണ്. ദിവസവും നൂറുകണക്കിനാളുകള്‍ ചികിത്സ തേടുന്ന ആശുപത്രിയിലാണ് ഈ പരാധീനതകളൊക്കെയും. തോട്ടം മേഖലയില്‍ നിന്നും ആദിവാസി ഇടങ്ങളില്‍ നിന്നുമൊക്കെ ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന ആശുപത്രിയാണ് അടിമാലി താലൂക്ക് ആശുപത്രി.
അടിസ്ഥാന സൗകര്യ വര്‍ധനവിന്‍റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ ഉയരുന്നുണ്ട്. വൈകാതെ എല്ലാം ശരിയാകുമെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. എന്നാല്‍ ആശുപത്രിയിലെ നിലവിലെ സ്ഥിതി വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നു എന്ന് രോഗികള്‍ പറയുന്നു.
ദിവസവും നൂറുകണക്കിനാളുകള്‍ ചികിത്സ തേടുന്ന ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് ഇപ്പോഴും പ്രതിസന്ധിയായി തുടരുന്നു. തുറക്കുമെന്നറിയിച്ച ഡയാലിസിസ് യൂണിറ്റ് ഇനിയും യാഥാര്‍ഥ്യമായില്ല. ക്രോസ് മാച്ചിങ് സംവിധാനമൊരുങ്ങിയില്ല. സ്‌കാനിങ്ങിനും മതിയായ സൗകര്യമില്ല. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച് പിന്നീട് യാഥാര്‍ഥ്യമാക്കിയ ഓക്‌സിജന്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനവുമിപ്പോള്‍ വേണ്ടവിധമില്ല എന്നും പരാതിയുണ്ട്.
ഇങ്ങനെ അടിമാലി താലൂക്ക് ആശുപത്രിയെ കുറിച്ച് ഉയരുന്ന പരാതികള്‍ നിരവധിയാണ്. സ്ഥല പരമിതി മറികടക്കാന്‍ പുതിയ കെട്ടിടങ്ങള്‍ ഒരുങ്ങുന്നുണ്ട്. അതിനൊപ്പം രോഗികള്‍ക്ക് ആശ്വാസകരമാകേണ്ടുന്ന ഇക്കാര്യങ്ങളില്‍ കൂടി പ്രശ്‌നപരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.