എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. വസ്‌തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. തീർപ്പാക്കിയ ഹർജിയിൽ വീണ്ടും ആവശ്യങ്ങൾ ഉന്നയിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമെന്നായിരുന്നു ദിലീപിന്‍റെ വാദം.
തന്‍റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സാക്ഷിമൊഴികളുടെ പകർപ്പ് നൽകാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടതെന്നും ദിലീപ് ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും, മൊഴിയുടെ പകർപ്പ് നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരുന്നു. വസ്‌തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.
മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ ജില്ലാ ജഡ്‌ജി തയ്യാറാക്കിയ വസ്‌തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് നൽകാനായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. 2018ൽ രണ്ട് തവണയും, പിന്നീട് 2021ലുമാണ് കോടതിയുടെ കസ്‌റ്റഡിയിലിരിക്കുന്ന മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറക്കപ്പെട്ടത്.
Also Read: 'ഞെട്ടിക്കുന്ന അനീതി'; നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് അതിജീവിത