എറണാകുളം : നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് ഹർജിയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. മെമ്മറി കാർഡ് ചോർന്നതിൽ ജില്ല ജഡ്‌ജി നടത്തിയ വസ്‌തുതാന്വേഷണത്തിൽ ശേഖരിച്ച സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപിന്‍റെ ഹർജി. സാക്ഷി മൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം വന്നതിന് പിന്നാലെയാണ് നടന്‍റെ ഹർജി.
തീർപ്പാക്കിയ ഹർജിയിലാണ് അതിജീവിതക്ക് മൊഴി പകർപ്പ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ദിലീപിന്‍റെ വാദം. നേരത്തെ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു വസ്‌തുതാന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നടിയ്ക്ക് നൽകിയത്. എന്നാൽ സാക്ഷി മൊഴികളുടെ പകർപ്പു കൂടി കഴിഞ്ഞ ദിവസം നടി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ കോടതി രേഖകൾ നൽകാൻ ഉത്തരവിടുകയായിരുന്നു.
ദിലീപിന്‍റെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. 2018ൽ രണ്ട് തവണയും 2021ലുമാണ് മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടത്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ല കോടതിയിലെ ബെഞ്ച് ക്ലർക്ക് മഹേഷ്, വിചാരണ കോടതി ശിരസ്തേദാർ താജുദീൻ മെമ്മറി കാർഡ് അനധികൃതമായി തുറന്നത്.
മെമ്മറി കാർഡിന്‍റെ അനധികൃത പരിശോധനയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയെ ദിലീപ് എതിർത്തിരുന്നു. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടല്ല ഉപഹർജി നൽകിയതെന്നും ദിലീപ് കോടതിയിൽ വാദിച്ചു. എന്നാൽ കേസിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചത് അതിജീവിതയ്ക്ക് മാത്രമായിരുന്നു.