എറണാകുളം : ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷ് കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി. മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാനുള്ള രേഖകൾ അദ്ദേഹം അഭിഭാഷകന് കൈമാറി. പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളാണ് കൈമാറിയത്. രേഖകൾ തിങ്കളാഴ്‌ച (സെപ്‌റ്റംബർ 2) കോടതിയിൽ ഹാജരാക്കും.
അതേസമയം മുകേഷ് ഉൾപ്പടെ എഴു പേർക്കെതിരെ ആരോപണമുന്നയിച്ച നടി കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് മെഴി നൽകിയത്. എല്ലാ കാര്യങ്ങളും രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്ന് അവർ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിനും, പെട്ടന്ന് നടപടിയിലേക്ക് കടന്നതിനും സർക്കാരിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കോടതി മുകേഷിൻ്റെ അറസ്‌റ്റ് താത്‌കാലികമായി തടഞ്ഞത് തിരിച്ചടിയല്ലെന്നും അവർ വ്യക്തമാക്കി.
നടി പരാതി ഉന്നയിച്ച അഡ്വ ചന്ദ്രശേഖരൻ്റെ അറസ്‌റ്റും സെഷൻസ് കോടതി തടഞ്ഞു. മൂന്നാം തീയതി വരെയാണ് അറസ്‌റ്റ് തടഞ്ഞത്. സെപ്റ്റംബർ 3 വരെയാണ് ചന്ദ്രശേഖരന്‍റെ അറസ്‌റ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞത്.
ലൈംഗികാതിക്രമ കേസിൽ മുകേഷിന്‍റെ അറസ്‌റ്റ് അഞ്ച് ദിവസത്തേക്കാണ് കോടതി തടഞ്ഞത്. മുൻകൂർ ജാമ്യപേക്ഷയിൽ കോടതി അടുത്ത മാസം രണ്ടാം തീയതി വാദം കേൾക്കും. അന്വേഷണവുമായി സഹകരിക്കാമെന്ന് മുകേഷ് കോടതിയിൽ അറിയിച്ചിരുന്നു.
ബ്ലാക്‌മെയില്‍ ചെയ്യുകയാണ് പരാതിക്കാരിയുടെ ലക്ഷ്യം. പതിനഞ്ച് വര്‍ഷം മുന്‍പുള്ള സംഭവത്തിലാണ് ഇപ്പോൾ പരാതി നൽകിയത്. പരാതിക്കാരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിനായി വാട്‌സ്ആപ്പ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയെന്നും മുകേഷ് കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ പരാതിക്കാരി ഈ വാദങ്ങൾ തള്ളിക്കളഞ്ഞു. രണ്ട് വർഷം മുമ്പ് താൻ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിക്കുന്ന എംഎൽഎ എന്തുകൊണ്ട് അന്ന് പരാതി നൽകിയില്ലെന്ന് അവർ ചോദിച്ചു. താൻ ബ്ലാക്ക് മെയിൽ ചെയ്‌തതിൻ്റെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വിടാമായിരുന്നില്ലേയെന്നും അവർ ചോദിച്ചു.
ഒരു ലക്ഷം രൂപയാവശ്യപ്പെട്ടുവെന്ന മുകേഷിൻ്റെ ആരോപണം ശരിയല്ല. 2014 ന് ശേഷം മുകേഷിനോട് സംസാരിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയെന്ന് വെറുതെ പറയുകയാണ്. ഇതിൽ സത്യമെന്താണെന്ന് കോടതി തീരുമാനിക്കട്ടെയെന്നും അവർ പറഞ്ഞു.
നടന്മാർക്ക് ആരെങ്കിലും മെയിൽ അയക്കുമോ? അന്ന് കമ്പ്യൂട്ടർ ഉപയോഗിക്കാൻ പോലും മുകേഷിന് അറിയില്ലായിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ എല്ലാ തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. ഈ കേസിൽ സർക്കാരും, നിയമ സംവിധാനവും പ്രതിക്ക് അനുകൂലമായി നിൽക്കില്ലെന്നും അവർ വ്യക്തമാക്കി.