ഇടുക്കി: അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം തടഞ്ഞ തീരുമാനം മന്ത്രി റോഷി അഗസ്റ്റിന്‍റെ ഇടപെടലിനെ തുടര്‍ന്ന് പുനപരിശോധിക്കാന്‍ നീക്കം. സുരക്ഷയുടെ ഭാഗമായി ടണലിലേക്കുള്ള പ്രവേശന കവാടം അടച്ചു പൂട്ടിയത് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍ കുട്ടിക്ക് കത്ത് നല്‍കിയിരുന്നു.
തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇടുക്കി ജില്ലാ കലക്‌ടര്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും സുരക്ഷ ഉറപ്പാക്കി ടണലിലേക്കുള്ള പ്രവേശന കവാടം തുറന്നു നല്‍കുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്‌തു. സുരക്ഷാ ചുമതല പഞ്ചായത്ത് ഏറ്റെടുക്കാന്‍ തയാറാണെന്ന് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുഴിക്കാട്ട് കലക്‌ടറെ അറിയിച്ചു.
ടണല്‍ മുഖം സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്കായി രണ്ടു ജീവനക്കാരെ നിയമിക്കാമെന്ന് പ്രസിഡന്‍റ് ജില്ലാ കലക്‌ടര്‍ക്ക് ഉറപ്പു നല്‍കി. ഇതിനു പുറമേ ടണലിന്‍റെ പരിസര പ്രദേശത്ത് മാലിന്യ നീക്കവും പഞ്ചായത്ത് ഉറപ്പു വരുത്തും. വൈദ്യുതി ബോര്‍ഡിന്‍റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് വരും ദിവസങ്ങളില്‍ അഞ്ചുരുളി ടണിലേക്കുള്ള പ്രവേശനം അനുവദിക്കാനാണ് തീരുമാനം.