മലപ്പുറം : കരുവാരക്കുണ്ട് കൽക്കുണ്ട് മലയടിവാരത്ത് മഴക്കുഴി നിർമിക്കാനെന്ന പേരിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന പ്രവൃത്തനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ഗ്രാമപഞ്ചായത്ത്. കുഴിയിലേക്കുള്ള വെള്ളത്തിൻ്റെ വരവ് പഞ്ചായത്ത് അധികൃതർ നിർത്തിവപ്പിച്ചു. അനുവാദമില്ലാതെ നടത്തിയ പ്രവര്‍ത്തനത്തിനെതിരെ ഡിഎഫ്ഒയ്‌ക്ക് പഞ്ചായത്ത് പരാതി നൽകി. ജിയോളജി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.
സൈലൻ്റ് വാലി വനമേഖലയ്ക്ക് തൊട്ടരികിലായാണ് കാർഷിക ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കാൻ മഴക്കുഴി നിർമിക്കുന്നു എന്ന പേരിൽ സ്വകാര്യ വ്യക്തികൾ വലിയ കുഴിയെടുത്തത്. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന ഇത്തരം പ്രദേശത്ത് ഇത്തരത്തിലുള്ള പ്രവൃത്തികൾ വലിയ ദുരന്തങ്ങൾക്ക് വഴിവയ്‌ക്കും എന്നാണ് ജനങ്ങളുടെ ആശങ്ക.
പരാതിയെ തുടർന്ന് കുഴി മണ്ണിട്ട് മൂടുന്നതിനായാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ മണ്ണുമാന്തി യന്ത്രവുമായി സ്ഥലത്തെത്തിയത്. എന്നാൽ വലിയ കുഴി മണ്ണിട്ട് മൂടുന്നത് സാധ്യമല്ലാതെ വന്നതോടെ കുഴിയിലേക്കുള്ള വെള്ളത്തിൻ്റെ വരവ് നിർത്തിവപ്പിക്കുകയായിരുന്നു. സ്ഥലം സന്ദർശിക്കാൻ ജിയോളജി വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ജിയോളജി ഉദ്യോഗസ്ഥർ ഇന്ന് (02-08-2024) സ്ഥലം സന്ദർശിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിഎസ് പൊന്നമ്മ, വൈസ് പ്രസിഡന്‍റ് മഠത്തിൽ ലത്തീഫ്, പഞ്ചായത്ത് സെക്രട്ടറി കെ ഷാനിർ, സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ഷീന ജിൽസ്, ടികെ ഉമ്മർ, അംഗങ്ങളായ നുഹ്മാൻ പാറമ്മൽ, വിസി ഉണ്ണികൃഷ്‌ണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെകെ ജയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.