കാസർകോട്: മംഗളൂരുവിൽ പെൺകുട്ടിക്ക് നേരെ നടന്ന ആക്രമണം ക്രൂരവും ആസൂത്രിതവുമാണെന്ന് ബന്ധുക്കൾ ഇടിവി ഭാരതിനോട് പറഞ്ഞു. പെൺകുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. മറ്റു രണ്ടു പെൺകുട്ടികൾക്കും സാരമായ പരിക്കുണ്ട്. രണ്ട് ദിവസം മുമ്പ് പ്രതി മംഗളൂരുവിൽ എത്തിയെന്നാണ് ലഭിക്കുന്ന വിവരമെന്ന് ബന്ധുക്കൾ പറഞ്ഞു.
പ്രതിയെ കുറിച്ച് പെൺകുട്ടി ഇതുവരെ ബന്ധുക്കളോട് പറഞ്ഞിട്ടില്ല. മറ്റ് കാര്യങ്ങൾ പൊലീസ് അന്വേഷിക്കട്ടെയെന്നും ബന്ധു കെ.സി എബ്രഹാം പറഞ്ഞു. ആക്രമണം നടക്കുന്നതിനു മുന്നേ പ്രതി സിസിടിവി തിരിച്ചു വെച്ചിരുന്നു. ഇതേ കോളേജിന്‍റെ യൂണിഫോം ആണ് പ്രതിധരിച്ചതെന്നും പറയപ്പെടുന്നു. മാസ്‌കും ധരിച്ചിരുന്നുവെന്നും ബന്ധു പറയുന്നു.
നിലമ്പൂരിൽ നിന്ന് 25 വർഷം മുമ്പാണ് പെൺകുട്ടിയുടെ കുടുംബം മംഗളൂരുവിൽ താമസം മാറിയത്. വർഷത്തിൽ മാത്രമാണ് തറവാട് വീട്ടിലേക്ക് പോകാറുള്ളുവെന്നും ബന്ധുക്കൾ പറയുന്നു.
മംഗളുരുവിലെ കടബാ ഗവ. കോളജിലെ മൂന്നു പ്ലസ് ടു വിദ്യാർത്ഥികൾക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. മലപ്പുറം നിലമ്പൂർ സ്വദേശിയായ അബിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയാണ്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് പെൺകുട്ടിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് കാരണം. മറ്റു രണ്ടു പെൺകുട്ടികൾ സുഹൃത്തുക്കൾ ആയിരുന്നു. ഇവർ മംഗളുരു സ്വദേശികളാണ്.